അഹമ്മദാബാദ്: ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി അദ്ദേഹത്തിന്റെ 143-ാം ജന്മ വാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യും. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടിയാണ് പട്ടേല്‍ പ്രതിമയുടെ ഉയരം. പ്രതിമയ്ക്ക് സമീപം നിര്‍മിച്ചിട്ടുള്ള ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനച്ചടങ്ങുകളുടെ സമയത്ത് വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്ത് ത്രിവര്‍ണ പതാകയുടെ ചിത്രം വരയ്ക്കും. ഇതിനു പുറമെ 29 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം, കണ്‍വെന്‍ഷന്‍ സെന്റര്‍, പൂക്കളുടെ താഴ്വര തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് പ്രതിമ സമുച്ചയം. വിനോദസഞ്ചാരികള്‍ക്കായി ടെന്റ് സിറ്റിയും ഒരുക്കിയിട്ടുണ്ട്. പ്രതിമക്കുള്ളിലൂടെ കയറി മുകളിലെത്താനുള്ള സംവിധാനവുമുണ്ട്.
ഭാരതത്തിന്റെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് ഒരു കിലോ ഗ്രാം വീതം ശേഖരിച്ച മണ്ണ് ഐക്യ പ്രതിമയുടെ ചുവട്ടില്‍ നിറച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യം എക്കാലവും നിലനിര്‍ത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.













Discussion about this post