തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായി. കഴിഞ്ഞ 12 മണിക്കൂറിനിടയില്‍ 40 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ കഠിനാദ്ധ്വാനം നടത്തിയത്. സമീപ ജില്ലകളില്‍ നിന്നും യൂണിറ്റുകള്‍ എത്തിയിരുന്നു. അഞ്ഞൂറ് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
രണ്ട് പേര്‍ വിഷപ്പുക ശ്വസിച്ച് ആശുപത്രിയിലാണെന്നതൊഴിച്ചാല്‍ ആളപായം ഉണ്ടായിട്ടില്ല. മറ്റ് പ്രദേശങ്ങളിലേക്ക് തീ പടരാതെ തടയാനുള്ള ശ്രമങ്ങളും വിജയിച്ചു. കമ്പനിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പേരേയും ഒഴിപ്പിച്ചിരുന്നു. ഫാക്ടറിയും,ഗോഡൗണും പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു.
സംഭവ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ഇവിടെ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണ്.
രാത്രി ഏഴേ കാലോടെയാണ് കമ്പനിയുടെ മൂന്ന് പ്ലാസ്റ്റിക്ക് യൂണിറ്റുകളിലൊന്നില്‍ തീ പിടിത്തമുണ്ടായത്.അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജീവനക്കാര്‍ തന്നെ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
രണ്ട് ദിവസം മുന്‍പും ഇതേ യൂണിറ്റില്‍ അഗ്‌നി ബാധ ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച സമഗ്ര അന്വേഷണം നടത്തുമെന്ന് അഗ്‌നിശമന സേന മേധാവി അറിയിച്ചു.













Discussion about this post