കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരേ റിവ്യു ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കണമെന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹര്‍ജിയിലെ ആവശ്യം പരിഗണിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ പോലീസ് വിന്യാസത്തിന്റെ ചെലവ് ദേവസ്വം ബോര്‍ഡ് നല്‍കരുതെന്നതടക്കമുള്ള ഹര്‍ജിയിലെ മറ്റാവശ്യങ്ങളില്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ശബരിമല വിധിക്കുശേഷമുള്ള യഥാര്‍ഥ വിവരങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്ന ആവശ്യവും ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. വ്യവഹാരികളോട് അപ്പീല്‍ നല്‍കാനോ ഹര്‍ജി നല്‍കാനോ നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ശബരിമല തന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഇടപെടരുത്, തന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍നിന്നു ഭക്തരെ വിലക്കരുത്, പോലീസ് വിന്യാസത്തിനുള്ള ചെലവിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണം, ശബരിമലയില്‍ ആചാരലംഘനം നടത്തിയ കെ.പി. ശങ്കരദാസിനെ ദേവസ്വം ബോര്‍ഡംഗമെന്ന നിലയില്‍ തുടരാന്‍ അനുവദിക്കരുത് എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിനു വേണ്ടി പ്രസിഡന്റ് എം.കെ. ഗോപിനാഥ്, കേരള അയ്യപ്പ ഭക്ത ഫോറം പ്രസിഡന്റ് ആര്‍.എ. രാജസിംഹ എന്നിവരാണു ഹര്‍ജി നല്‍കിയത്.













Discussion about this post