തിരുവനന്തപുരം: അക്ഷരങ്ങളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു നിശ്ചിത കാലത്തിനിടയില്‍ വിദ്യാഭ്യാസം നിര്‍ബന്ധിതവും സാര്‍വത്രികവുമാക്കണമെന്ന് ഭരണഘടന പറയുന്നു. എന്നാല്‍ പഠിക്കേണ്ട കാലത്ത് കുഞ്ഞുങ്ങള്‍ ഹോട്ടലിലും മറ്റും കഠിനമായി പണി ചെയ്യുന്ന കാഴ്ച രാജ്യത്ത് പലയിടത്തും കാണുന്നു. കുട്ടികള്‍ സ്‌നേഹവാത്സല്യങ്ങള്‍ നിഷേധിക്കപ്പെട്ടു യാതനാപൂര്‍വം കഴിയേണ്ടിവരുന്ന ദുരവസ്ഥ സംസ്‌കാരത്തിന്റേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സര്‍ഗസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ബാലപ്രതിഭകള്‍ക്ക് ഭരണഘടനയുടെ പകര്‍പ്പ് നല്‍കിയാണ് മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തത്.
പഠിക്കുന്ന കാലത്ത് മയക്കുമരുന്നിന്റെ വാഹകരാകാന്‍ വിധിക്കപ്പെടുന്ന ബാല്യങ്ങളുണ്ട് പലയിടത്തും. അത്തരം ബാല്യങ്ങള്‍ രാജ്യത്തിന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. ശിശുദിനാഘോഷ വേളയില്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവപൂര്‍വം ആലോചിക്കണം. അക്ഷരം മുതല്‍ പോഷകാഹാരം വരെ നിഷേധിക്കപ്പെടുന്നതും ക്രൂരമായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ബാലസമൂഹം നമ്മുടെ രാജ്യത്തുണ്ട് എന്നത് ഒട്ടും അഭിമാനകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












