തിരുവനന്തപുരം: എല്ലാ കക്ഷികളും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ ശബരിമല യുവതി പ്രവേശം ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. കോടതി വിധി സ്‌റ്റേ ചെയ്യാത്തിടത്തോളം കാലം അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള വഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യോഗത്തിന്റെ ആമുഖപ്രസംഗത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയല്ല പെരുമാറുന്നതെന്നും സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ശബരിമല കൂടുതല്‍ യശ്ശസോടെ ഉയര്‍ന്ന് വരുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ജനുവരി 22വരെ വിധി നടപ്പാക്കരുതെന്നും സുപ്രീംകോടതി വിധിയില്‍ സാവകാശം തേടണമെന്നുമുള്ള രണ്ട് നിര്‍ദേശങ്ങളാണ് യുഡിഎഫ് മുന്നോട്ട് വച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കാന് തയാറായില്ല. തുടര്‍ന്ന് ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നതോടെ ബിജെപിയും യോഗം ബഹിഷ്‌കരിച്ചു. സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞുവെന്നും ബിജെപി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. സര്‍ക്കാര്‍ മുന്‍ വിധിയോടെയാണ് സര്‍വകക്ഷിയോഗത്തെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post