തിരുവനന്തപുരം: എയ്റോസ്പേസ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നതിന് ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി. ഇ. ഒ ഡോ. സജി ഗോപിനാഥും എയര്‍ബസ് ഇന്ത്യ ദക്ഷിണേഷ്യ മേധാവി ആനന്ദ് ഇ. സ്റ്റാന്‍ലിയും ധാരണാപത്രം ഒപ്പുവച്ചത്.
എയര്‍ബസിന്റെ ബിസ്ലാബ് ആക്സിലറേറ്റര്‍ പദ്ധതിയുടെ ഇന്നവേഷന്‍ സെന്ററാണ് തിരുവനന്തപുരത്ത് ആരംഭിക്കുക. എയര്‍ബസിന്റെ ബംഗളൂരു സെന്ററിന് കീഴിലാവും ഇത് പ്രവര്‍ത്തിക്കുക. ലോകത്തിലെ നാലു ബിസ്ലാബുകളില്‍ ഒന്നാണ് ബംഗളൂരുവിലേത്. ഫ്രാന്‍സിലെ ടുളൂസ്, സ്പെയിനിലെ മാഡ്രിഡ്, ജര്‍മനിയിലെ ഹാംബര്‍ഗ് എന്നിവിടങ്ങളിലാണ് മറ്റു ലാബുകള്‍. തിരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസ്ലാബില്‍ ആറു മാസത്തെ പരിശീലനം നല്‍കും. എയ്റോസ്പേസ്, പ്രതിരോധ മേഖലയിലെ വിദഗ്ധരെയുള്‍പ്പെടുത്തി ശില്‍പശാലകളും പരിശീലനങ്ങളും സംഘടിപ്പിക്കും.
ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ടെ, ചീഫ് സെക്രട്ടറി ടോം ജോസ്, ഐ. ടി സെക്രട്ടറി ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം. സി. ദത്തന്‍, എയര്‍ബസ് ബിസ്ലാബ് ഇന്ത്യയുടെ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, ടെക്നോപാര്‍ക്ക് സി. ഇ. ഒ ഋഷികേശ് നായര്‍, ഐ. സി. ടി അക്കാഡമി സി. ഇ. ഒ സന്തോഷ് കുറുപ്പ്, ചീഫ് മിസിസ്റ്റേഴ്സ് ഫെലോ അരുണ്‍ ബാലചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.













Discussion about this post