തിരുവനന്തപുരം: പ്രഥമ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം രാജ്യാന്തര പ്രശസ്തയായ മോഹിനിയാട്ടം നര്‍ത്തകിയും നൃത്തഗുരുവുമായ ഡോ. കനക് റെലെയ്ക്ക് സമര്‍പ്പിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നടനകലയില്‍ രാജ്യത്തെ ഏറ്റവും ഉന്നതമായ ബഹുമതിയാണ്.
ഭാവഗീതാത്മകമായ പരമ്പരാഗതശൈലിയില്‍ ഒതുങ്ങിയിരുന്ന മോഹിനിയാട്ടത്തെ ജനകീയ ക്ലാസിക്കല്‍ നൃത്തരൂപമായി നവീകരിക്കുന്നതിനും രാജ്യമൊട്ടാകെ അതിന്റെ തനിമ പ്രചരിപ്പിക്കുന്നതിനും അരനൂറ്റാണ്ടുകാലം അതുല്യസംഭാവന ചെയ്ത നര്‍ത്തകിയാണ് കനക് റെലെ. അമ്പതുവര്‍ഷം മുമ്പ് അവര്‍ മുംബൈയില്‍ സ്ഥാപിച്ച നളന്ദ ഡാന്‍സ് റിസര്‍ച്ച് സെന്റര്‍ രാജ്യത്തെ മികച്ച പഠനഗവേഷണ കേന്ദ്രമാണ്. നൃത്തത്തിലും നൃത്തത്തിന്റെ അക്കാദമിക് അടിത്തറ ബലപ്പെടുത്തുന്നതിലും നല്‍കിയ സേവനമാണ് പുരസ്‌കാരസമിതി മുഖ്യമായി പരിഗണിച്ചത്. പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പ്രശസ്ത നര്‍ത്തകി ഡോ. മല്ലിക സാരാഭായി അധ്യക്ഷയായ പുരസ്‌കാരസമിതിയില്‍ നൃത്ത നിരൂപകന്‍ ആശിഷ്മോഹന്‍ കോക്കര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ.സി. വിക്രമന്‍ എന്നിവരാണ് പുരസ്‌കാരസമിതി അംഗങ്ങള്‍.
2009 മുതല്‍ കേരളത്തിലെ നാട്യപ്രതിഭകള്‍ക്ക് സമ്മാനിച്ചിരുന്ന ഗുരുഗോപിനാഥ് നാട്യപുരസ്‌കാരം ഇത്തവണ മുതലാണ് ദേശീയ പുരസ്‌കാരമായി ഉയര്‍ത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഒമ്പത് ക്ലാസിക്കല്‍ നൃത്തകലകളിലെ പ്രമുഖരടങ്ങുന്ന 40 പ്രതിഭകളുടെ നാമനിര്‍ദ്ദേശങ്ങള്‍ ദേശീയ നര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ നവ്തേജ്സിംഗ് ജോഹര്‍ അധ്യക്ഷനായ ഒമ്പതംഗ ദേശീയ വിദഗ്ധസമിതിക്ക് ലഭിച്ചിരുന്നു. ഈ സമിതി 10 പ്രതിഭകളുടെ ചുരുക്കപ്പട്ടിക പുരസ്‌കാരനിര്‍ണയസമിതിക്ക് സമര്‍പ്പിച്ചു. ഇതില്‍നിന്നാണ് ഇക്കൊല്ലത്തെ പുരസ്‌കാരം നിശ്ചയിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരനിര്‍ണയ സമിതി അധ്യക്ഷ മല്ലിക സാരാഭായിയും സമിതി അംഗങ്ങളും സംബന്ധിച്ചു.













Discussion about this post