തിരുവനന്തപുരം: നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളും നവോത്ഥാനമൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളും ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഇതിനായി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് മുന്‍കൈയെടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല പ്രശ്നത്തില്‍ അവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മാധ്യമപ്രവര്‍ത്തകരാണ്. അതിഭീകരമായ ആക്രമണമാണ് ഉണ്ടായത്. കേരളത്തെ പുറകോട്ടുകൊണ്ടുപോവാനുള്ള നീക്കത്തെ തുറന്നുകാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. പല വാര്‍ത്തകളിലെയും വിന്യാസരീതി നാടിനെ പുറകോട്ടുവലിക്കുന്നവര്‍ക്ക് ഉത്തേജനം പകരുന്നതാണ്. ശരിയായ നിലപാടെടുത്ത് മുന്നോട്ടുപോവുന്ന സമീപനമാണ് മാധ്യമങ്ങളില്‍ നിന്നുണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഴയകാലസമ്പ്രദായങ്ങള്‍ പലതും ഏറെ ഹീനമായിരുന്നു. അതിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചവരുണ്ട്. ക്ഷേത്രപ്രവേശനവിളംബരം നവോത്ഥാനകാലത്തിന്റെ ഭാഗമായി വന്ന വിളംബരമാണ്. അതിനെതിരായി വലിയതോതില്‍ യാഥാസ്ഥിതികര്‍ അണിനിരന്നു. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്കുമുമ്പുതന്നെ അദ്ദേഹം പ്രതിഷ്ഠ നടത്തിയിരുന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര വെറും യാത്രയായിരുന്നില്ല. കോട്ട് ധരിച്ചും മറ്റും വേഷഭൂഷാദികളിലും അദ്ദേഹം വിപ്ളവകരമായ മാറ്റം വരുത്തി. എല്ലാകാലത്തും മാറ്റങ്ങള്‍ക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. ചോദ്യം ചെയ്യാന്‍ ആളുകളുണ്ടായിരുന്നു. പക്ഷെ സമൂഹത്തിന്റെ നിലപാടാണ് പ്രധാനം.
നവോത്ഥാനത്തിന്റെ ഭാഗമായി കെ.കേളപ്പന്‍, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയവര്‍ കാട്ടിയ മാതൃക ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. പാഠപുസ്തകങ്ങള്‍ നവോത്ഥാനനായകര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി പരിഷ്‌കരിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post