ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിന് അടിയന്തരമായി ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ജി .സുധാകരന്‍ പറഞ്ഞു. പ്രളയാനന്തരം പത്തര കോടി രൂപ മുടക്കി പുനര്‍നിര്‍മാണം നടത്തുന്ന എ.സി. റോഡിലെ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി.
നിലവില്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ഉപരിതലം ടാറിങ് നടത്തുന്ന ജോലികളാണ് നടന്നുവരുന്നത്. ഇതുകൂടാതെ വെള്ളം കയറുന്ന 7 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടം മെറ്റല്‍ ഉപയോഗിച്ച് ഉയര്‍ത്തിയതിനുശേഷം ആയിരിക്കും ഒറ്റ ഉപരിതല ടാറിങ് നടത്തുകയെന്ന് മന്ത്രി പറഞ്ഞു. പത്തര കോടി രൂപയുടെ ജോലികള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും. ഒന്ന് രണ്ടു വര്‍ഷത്തേക്ക് റോഡ് നല്ലനിലയില്‍ കിടക്കുമെങ്കിലും 150 കോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ എ.സി.റോഡിനെ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡിന് താഴെക്കൂടി വെള്ളം ഒഴുകി പോകുന്ന തരത്തിലും ചെളിയില്‍ റോഡ് താഴാത്ത വിധത്തിലുമുള്ള നിര്‍മ്മാണ രീതിയായിരിക്കും അവലംബിക്കുക. റോഡ് നിര്‍മ്മാണത്തിന് പുതിയ സാങ്കേതികവിദ്യകള്‍ ചര്‍ച്ചചെയ്യുന്നതിന് ജനുവരിയില്‍ പൊതുമരാമത്ത് വകുപ്പ് ഒരു വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.













Discussion about this post