പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി പൊതുവിതരണ വകുപ്പ്. ആഹാരസാധനങ്ങളുടെ വിലയിലും തൂക്കത്തിലും സീസണ്‍ പ്രമാണിച്ചുണ്ടാകുന്ന ചൂഷണം തടയാനാണ് പൊതുവിതരണ വകുപ്പ് കൂടുതല്‍ സുരക്ഷാനിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വില്‍ക്കുന്ന ആഹാരസാധനങ്ങളുടെ കൃത്യമായ വില വിവര പട്ടിക തയാറാക്കി കടകളില്‍ പ്രദദശിപ്പിച്ചിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വലിയ ബോര്‍ഡുകളാക്കിയും വിലവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ജില്ലാകളക്ടര്‍ നിശ്ചയിച്ച് പ്രസിദ്ധീകരിച്ച വില തന്നെയാണ് ഈടാക്കുന്നതെന്ന് ഉറപ്പാക്കാനുള്ള ചുമതല ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇതിനൊപ്പം, ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. ളാഹ മുതല്‍ സന്നിധാനംവരെയുള്ള സ്ഥലങ്ങളില്‍ കടകളിലും മറ്റും ഒരുമിച്ച് സൂക്ഷിക്കാവുന്ന കൊമേഴ്‌സല്‍ ഗ്യാസ് സിലിണ്ടറുകളുടെ പരമാവധി എണ്ണം അഞ്ച് ആയി നിജപ്പെടുത്തി.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ഉള്‍പ്പടെ, പത്തനംതിട്ട മുതല്‍ പമ്പവരെ വാഹനങ്ങളുടെ സമീപത്തായി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. മണ്ഡലകാലത്തോട് അനുബന്ധിച്ച് റാന്നി താലൂക്ക് സപ്ലൈ ഓഫീസറായ എസ്. ഉദയഭാനുവിനെ പൊതുവിതരണവകുപ്പിന്റെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. പരാതികള്‍ 9188527438, 9447934834 എന്നീ നമ്പരുകളില്‍ അറിയിക്കാം.













Discussion about this post