പാലക്കാട്: സംസ്ഥാന ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ മലമ്പുഴ ഉദ്യാനത്തിലെ നവീകരണ വികസനപദ്ധതികള്‍ വിലയിരുത്താന്‍ അവലോകനയോഗം ചേര്‍ന്നു. കുട്ടികള്‍ക്കായുള്ള ടോയ് ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരു വര്‍ഷത്തെ കരാറില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നത്. ജില്ലാ കലക്ടര്‍, ആര്‍.ടി.ഒ എന്നിവരുമായി യോഗം ചേര്‍ന്ന് മലമ്പുഴ ബസ് സ്റ്റാന്‍ഡിലേക്ക് മുഴുവന്‍ ബസുകളും എത്തിച്ചേരുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. രണ്ടുമാസത്തിലൊരിക്കല്‍ അവലോകനയോഗം ചേര്‍ന്ന് കൃത്യമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ചീഫ് എന്‍ജിനീയര്‍ സൂപ്രണ്ട് എന്‍ജിനീയറെ ചുമതലപ്പെടുത്തി.
മലമ്പുഴ ഉദ്യാനത്തിലെ കളകള്‍ നീക്കം ചെയ്യുന്ന പരിപാടികള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഡാം ക്യുറേറ്റര്‍ എസ്. അറുമുഖ പ്രസാദ് അറിയിച്ചു. 34 ജീവനക്കാരാണ് ഉദ്യാനത്തില്‍ ദൈനംദിന ജോലികളില്‍ ഏര്‍പ്പെടുന്നത്. ഡാമിനോട് ചേര്‍ന്നുള്ള മാന്തോപ്പില്‍ അടിക്കാടുകള്‍ വെട്ടുന്നത് കൃത്യമായി നടക്കുന്നുണ്ടെന്നും ഇതുമൂലം സാമൂഹ്യവിരുദ്ധരുടെ ശല്യം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ക്യുറേറ്റര്‍ പറഞ്ഞു. അതേസമയം വലിയ പാഴ്മരങ്ങള്‍ നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന്ന ഇവിടെ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിന് പ്രത്യേക സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ശുചിത്വമിഷന്റെ സഹകരണം ആവശ്യപ്പെടുമെന്നും പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍ അറിയിച്ചു. ഉദ്യാനത്തില്‍ ഒരു മാസത്തിനകം രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കും. ഡാം ടോപ്പിലും പരിസരത്തും പ്രത്യേക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. ഉദ്യാനത്തിന് സമീപം ഗതാഗതം തടസ്സപ്പെടുത്തുന്ന മുഴുവന്‍ അനധികൃത കടകളും ഒഴിപ്പിക്കേണ്ടതുണ്ടെന്ന് ചീഫ് എന്‍ജിനീയര്‍ യോഗത്തില്‍ പറഞ്ഞു. 54 കടകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.













Discussion about this post