തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ 2019-20ലെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2017-18 ല്‍ 90 ശതമാനത്തിലധികം പദ്ധതി ചെലവ് കൈവരിക്കാന്‍ സംസ്ഥാനത്തിനായി. പ്രളയം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും 2018-19 ല്‍ ഇതുവരെ 45 ശതമാനം പദ്ധതിചെലവ് കൈവരിക്കാനായി. നവകേരള സൃഷ്ടിക്ക് ഊന്നല്‍ നല്‍കിയാവണം തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടത്. ഇവ ഗുണനിലവാരമുള്ള പദ്ധതികളായിരിക്കണം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എല്ലാ ജില്ലകളിലും ജില്ലാ പദ്ധതികള്‍ തയ്യാറാക്കാനായി. തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് ഇതിന് നല്ല ഇടപെടലുണ്ടായി. വികസനത്തിന് ആസൂത്രണത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഇത് നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന വിജയം ആസൂത്രണത്തിന്റെ പ്രാധാന്യം തെളിയിക്കുന്നു.
കാലാനുസൃതമായ പുരോഗതി നാടിന് നേടിയെടുക്കേണ്ടതുണ്ട്. പുതിയ കേരളം സൃഷ്ടിക്കാന്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും പുതിയ നിക്ഷേപങ്ങള്‍ വരികയും വിവിധ മേഖലകളെ മാറ്റുന്ന വിധത്തില്‍ പ്രവര്‍ത്തനം വ്യാപകമാക്കാനുമാവണം. ഇതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിലെ നിലവിലെ പദ്ധതികള്‍ ശക്തിപ്പെടുത്തണം. നവകേരളം നിര്‍മിതിയുമായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ യോജിപ്പിക്കാമെന്ന് ഗൗരവമായി ചിന്തിക്കണം.
മാലിന്യ സംസ്‌കരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപന പരിധിയില്‍ ഒരു അറവുശാലയുണ്ടെങ്കില്‍ അതിന് മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഉണ്ടായിരിക്കണം. സദ്യ നടത്തുമ്പോള്‍ വരുന്ന മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമുണ്ടോയെന്ന് ചിന്തിക്കണം. ഹോട്ടലുകളിലെയും ആശുപത്രികളിലെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കണം. തദ്ദേശസ്ഥാപനങ്ങള്‍ അത്തരം പരിശോധനകളുമായി ഗൗരവമായി മുന്നോട്ടു നീങ്ങണം. ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ഹോട്ടലുകളില്‍ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കണം. അവരോട് ഒരു വിരോധവുമില്ല. നാടിന് അവരെല്ലാം ആവശ്യമാണ്. എന്നാല്‍ നല്ലതല്ലാത്ത ഭക്ഷണം വിളമ്പുന്നത് തടയണം. ബന്ധപ്പെട്ട വകുപ്പുകളും ഇതെല്ലാം ഗൗരവത്തോടെ കാണണം. വഴിയില്‍ കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് മാത്രമല്ല ശുചീകരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലവിനിയോഗത്തിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കുടിവെള്ളം പച്ചക്കറിത്തോട്ടത്തില്‍ ഉപയോഗിക്കുന്ന രീതി മാറണം. കുളിക്കുന്ന വെള്ളം തോട്ടത്തിലേക്ക് തിരിച്ചുവിട്ട് ഉപയോഗിക്കണം. ഇതിലും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണ്.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് വീട് വച്ചു നല്‍കുന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കണം. ഓരോ ജില്ലയിലും ഒരു പൈലറ്റ് പദ്ധതി നടപ്പാക്കണം. ഇതിനായി പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പ് ഉപയോഗപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് നേതൃത്വം വഹിക്കേണ്ടത്. ഭൂമിയുള്ള ഭവനരഹിതര്‍ക്കായി 50,000 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. തണ്ണീര്‍ത്തടം, സി. ആര്‍. സെഡ് പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് പരിഹരിക്കണം.
2.20 ലക്ഷം ഹെക്ടര്‍ തരിശു സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിച്ചു. 70,000 ഹെക്ടറില്‍ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു. 2.87 കോടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചു. എല്ലായിടവും തരിശുരഹിത പ്രദേശമാക്കി മാറ്റാന്‍ ശ്രമം ഉണ്ടാവണം. നദികളിലെ മാലിന്യ നിക്ഷേപം തടയാന്‍ ഫലപ്രദമായ ബോധവത്കരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, എന്നിവര്‍ സന്നിഹിതരായിരുന്നു.













Discussion about this post