പമ്പ: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ ഇടതടവില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതിനുള്ള കാര്യക്ഷമമായ സംവിധാനങ്ങളാണ് കെഎസ്ഇബി ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൂഴിയാറില്‍ നിന്നും പള്ളത്തുനിന്നും ത്രിവേണിയിലേക്കുള്ള 66 കെവി സപ്ലൈകള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിന് സബ്സ്റ്റേഷനുകളുടെയും ലൈനുകളുടെയും അറ്റകുറ്റപ്പണി തീര്‍ഥാടന കാലത്തിന് മുമ്പുതന്നെ പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ മുണ്ടക്കയം സബ്സ്റ്റേഷന്‍ 66 കെ.വി ആക്കിയതോടെ മൂഴിയാറില്‍ നിന്നും പള്ളത്തുനിന്നും ത്രിവേണി 66 കെ.വി സബ്സ്റ്റേഷനില്‍ ഒരേ സമയം വൈദ്യുതി ലഭ്യമാക്കാന്‍ സാധിച്ചു. നാറാണംതോട് ഇലവുങ്കല്‍ വഴി നിലയ്ക്കലേക്ക് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച് ത്രിവേണി 66 കെ.വി സബ്സ്റ്റേഷനില്‍ നിന്നും പുതുതായി ഒരു 11 കെ.വി ഫീഡര്‍ മരക്കൂട്ടം വരെ സ്ഥാപിച്ചു. പമ്പ ത്രിവേണിയില്‍ 11 കെ.വി. സ്വിച്ചിംഗ് സ്റ്റേഷനും ആരംഭിച്ചു.
നിലയ്ക്കല്‍, ത്രിവേണി, പമ്പ, സന്നിധാനം തുടങ്ങി തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമുള്ള എല്ലാ സ്ഥലത്തും പുതിയ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. പമ്പയിലും സന്നിധാനത്തും ഒരു അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ 12 പേര്‍ വീതം അടങ്ങുന്ന കെഎസ്ഇബിയുടെ ഉദ്യോഗസ്ഥര്‍ വൈദ്യുതി വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്.













Discussion about this post