കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായി വിമര്‍ശിച്ച് എന്‍എസ്എസ്. ശബരിമല വിഷയം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ലെന്നും സംസ്ഥാനത്ത് ജാതീയ വിഭാഗീയത ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത്തരം നീക്കങ്ങളിലൂടെ സംസ്ഥാനത്ത് നിരീശ്വരവാദം നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കാനുള്ള തിടുക്കമാണ് സര്‍ക്കാരിനെന്നും തുറന്നടിച്ചു. നേരത്തെ, ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെയും എന്‍എസ്എസ് ശക്തമായി എതിര്‍ത്തിരുന്നു. സമാധാനപരമായ അന്തരീക്ഷത്തില്‍ ദര്‍ശനം സാധ്യമാകണമെങ്കില്‍ നിരോധനാജ്ഞ പോലെയുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും ഉടന്‍ പിന്‍വലിക്കണമെന്നും ശബരിമല പോലെയുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചതു തെറ്റാണെന്നുമായിരുന്നു ആദ്യ വിമര്‍ശനം. ഭാരതത്തിലെ ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ അന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.













Discussion about this post