തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയ്ക്ക് പുറത്തുപോയെങ്കിലും മുസ്ലിം ലീഗ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബന്ധുനിയമന വിവാദത്തില്‍ അടിയന്ത്രപ്രമേയത്ത് അനുമതി തേടി കെ.മുരളീധരനാണ് നോട്ടീസ് നല്‍കിയത്. അഴിമതിയുടെ ചെളിക്കുണ്ടിലാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് മുരളീധരന്‍ പറഞ്ഞു. ജലീലിന്റെ അഴിമതിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. നിയമനത്തിനായി ജലീല്‍ യോഗ്യത മാറ്റിയെന്നും മുരളീധരന്‍ ആരോപിച്ചു. ഇ.പി.ജയരാജന് നല്‍കാത്ത നീതി ജലീലിന് എന്തിനാണ് മുഖ്യമന്ത്രി നല്‍കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി കരാര്‍ എടുത്തിരിക്കുകയാണ്. ജലീലിന് ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ജലീലിനെ പൂര്‍ണമായും ന്യായീകരിക്കുകയാണ് ചെയ്തത്. ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഡപ്യൂട്ടേഷന് വഴിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത്. അപേക്ഷ ക്ഷണിച്ച ശേഷം അനുയോജ്യനെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനുശേഷമാണ് നിയമനം. വിവാദമുണ്ടായപ്പോള്‍ അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചു പോവുകയായിരുന്നു. യുഡിഎഫിന്റെ കാലത്ത് അപേക്ഷ പോലും വാങ്ങാതെയാണ് പല നിയമനങ്ങളും നടത്തിയിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.













Discussion about this post