തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികാരോഗ്യനില മെച്ചപ്പെടുത്തുന്നതില്‍ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പിക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് കൃഷിമന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍. സംസ്ഥാന ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുമായി യോജിച്ച് സര്‍ക്കാരിന്റെ പദ്ധതിയായി ഇതിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പിയിലൂടെ കുട്ടികളുടെ വ്യക്തിവികാസം എന്ന പേരില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പും വെളളായണി കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിറ്റി സയന്‍സ് വകുപ്പും സംയുക്തമായി ലോക ഭിന്നശേഷി ദിനം, ദേശീയ കാര്‍ഷിക വിദ്യാഭാസ ദിനം എന്നിവയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ആഗോളവത്കരണം കര്‍ഷകനെ ചൂഷണം ചെയ്യുന്ന കാലഘട്ടത്തില്‍ കൃഷിയെ മാറ്റിനിര്‍ത്തി സംരക്ഷിക്കുന്ന നയം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. കാര്‍ഷികവിളകളുടെ പരിപാലനം മാത്രമല്ല ആരോഗ്യപരിപാലനം കൂടി കൃഷി വകുപ്പിന്റെ പരിഗണനയിലുണ്ട്. ഭക്ഷ്യസുരക്ഷ എന്നത് ഉത്പാദന വര്‍ധനവിലൊതുങ്ങാതെ സുരക്ഷിത ഭക്ഷണത്തിലേക്കും മാറേണ്ടതുണ്ട്. കൃഷിവകുപ്പിന്റേയും കാര്‍ഷിക സര്‍വകലാശാലയുടേയും ജൈവകാര്‍ഷിക നയം ശാസത്രവിരുദ്ധമല്ലെന്നും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ഉത്പാദന വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രാരംഭഘട്ടത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുള്ള 10 സ്‌കൂളില്‍ തുടങ്ങുന്ന ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി അടുത്ത ഘട്ടത്തില്‍ വിവിധ വകുപ്പുകളുമായി സംയോജിച്ച് വിപുലമാക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ സമീപനം മാറേണ്ടതുണ്ട്. ആവര്‍ക്ക് വേണ്ട പരിഗണന നല്‍കി സമൂഹത്തിനൊപ്പം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













Discussion about this post