ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി. റഫാലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ ആരോപിച്ചു. രാഹുല്‍ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുകയും ചെയ്തു. രാഹുല്‍ സഭയോടും രാജ്യത്തെ ജനങ്ങളോടും മാപ്പ് പറയണമെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് തങ്ങള്‍ പറഞ്ഞികൊണ്ടിരുന്നു. ഇക്കാര്യം തുടക്കം മുതല്‍ വ്യക്തമായിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി സൃഷ്ടിച്ച അടിസ്ഥാനമില്ലാത്ത ആരോപണമായിരുന്നു- രാജ്‌നാഥ് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിധിയെ സ്വാഗതം ചെയ്തു. ആര്‍ക്കുവേണ്ടിയാണ് റഫാല്‍ കരാറിനെ മോശമാക്കാന്‍ ശ്രമിച്ചതെന്ന ചോദ്യം തെളിഞ്ഞുവരികയാണ്. ഇക്കാര്യം അറിയേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ബിജെപി വക്താവ് ഷാനവാസ് ഹുസൈനും വിധിയെ സ്വാഗതം ചെയ്തു. എല്ലാകരാറുകളും ബൊഫോഴ്‌സ് കരാറുകളല്ലെന്നായിരുന്നു ഷാനവാസിന്റെ പ്രതികരണം. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍നിന്നും ക്ലീന്‍ചിറ്റ് ലഭിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിനു വലിയ ആശ്വാസമായി. കരാറില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന വിധി നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം നേരിട്ട മോദിക്ക് ലഭിച്ച രാഷ്ട്രീയ വിജയം കൂടിയാണ്. ശൈത്യകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് റഫാല്‍ വിഷയം കത്തിക്കാനിരിക്കെയാണ് സുപ്രീം കോടതി അനുകൂല വിധി നല്‍കിയതെന്നതും കേന്ദ്രസര്‍ക്കാരിനു ആത്മവിശ്വാസം പകര്‍ന്നു.













Discussion about this post