കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഇന്നു മുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ പാടില്ലെന്നും ഹൈക്കോടതിയുടെ കര്‍ശനനിര്‍ദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ പുനഃപരിശോധനാഹര്‍ജി പരിഗണിക്കാനും ഹൈക്കോടതി വിസമ്മതിച്ചു.
വെറുതേ സമയം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. പിഎസ്‌സി നിയമിച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ഇനി നടപടി വൈകിയാല്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ താല്‍ക്കാലികജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആര്‍ടിസി അറിയിച്ചു. അത് പോരെന്നും കെഎസ്ആര്‍ടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
അതേസമയം ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. എന്നാല്‍ ഒരു താല്‍ക്കാലികജീവനക്കാരന്‍ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാല്‍ കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.













Discussion about this post