മുംബൈ: ചരക്കു സേവന നികുതിയില്‍ പ്രത്യേക ഇളവുകള്‍ ഉടനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിനും താഴെ കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുംബൈയില്‍ ഒരു സ്വകാര്യ ടെലിവിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയിരുന്നു പ്രധാനമന്ത്രി.
തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ചരക്കു സേവന നികുതിയുമായി രാജ്യം അതിവേഗം പൊരുത്തപ്പെട്ടു. ജി എസ് ടി സംവിധാനം രാജ്യമെമ്പാടും ഏറെ കുറെ നിലവില്‍ വന്നു കഴിഞ്ഞു. ഇനി സംരംഭക സൗഹൃദ ജിഎസ്ടി യാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 65 ലക്ഷം പേരായിരുന്നു ജിഎസ്ടിയുടെ തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ 55 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായി. സാങ്കേതികമായി നേരിട്ട പ്രശ്നങ്ങളും ഏറെ കുറെ പരിഹരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടിയ നികുതി നിരക്കായ 28 ശതമാനം ചുരുക്കം ചില ആഡംബര വസ്തുക്കള്‍ക്ക് മാത്രം ചുമത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനമോ അല്ലെങ്കില്‍ അതിനും താഴെയോ കൊണ്ടുവരും. ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നികുതി പരിഷ്‌കരണമാണ് ജിഎസ്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
വികസിത രാജ്യങ്ങള്‍ പോലും ചെറിയ നികുതി പരിഷ്‌കാരങ്ങള്‍ നടത്താന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ് നമ്മുടെ രാജ്യം വന്‍ മാറ്റത്തിന് സാക്ഷ്യം വഹിച്ചത്. ജിഎസ്ടിയിലൂടെ സമ്പത്ത് വ്യവസ്ഥയ്ക്ക് ശക്തി കൈവരുകയും സുതാര്യമാകുകയും ചെയ്തു. അഴിമതി പൂര്‍ണമായും തുടച്ചു മാറ്റുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
സിഖ് വിരുദ്ധ കലാപവും പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു. കലാപത്തില്‍ നേരിട്ടു പങ്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശിക്ഷിക്കപ്പെടുമെന്ന് നാലു വര്‍ഷം മുന്‍പ് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post