കൊച്ചി: കെഎസ്ആര്‍ടിസിക്ക് വേണമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി. മതിയായ ജീവനക്കാര്‍ പിഎസ്സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം. നിയമം അനുവദിക്കുമെങ്കില്‍ മാത്രം അങ്ങനെ തുടരാമെന്നും ജോലി നഷ്ടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ കോടതി വെള്ളിയാഴ്ച വിധി പറയും. പുതിയ നിയമനം വഴി എത്രപേര്‍ ചേരുമെന്നാണ് കരുതുന്നതെന്ന കോടതിയുടെ ചോദ്യത്തിന് 800 മുതല്‍ 1000 ഉദ്യോഗാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. അവധിയില്‍ പോയിരിക്കുന്ന ജീവനക്കാരെ തിരിച്ചു വിളിക്കാനും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ 3861 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പകരമായി പിഎസ്സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കണമെന്നും അതിനുള്ള നടപടികളെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.












