തിരുവനന്തപുരം: വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനും ശബരിമലയെ വിശ്വാസങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഡിസംബര്‍ 26ന് തെളിക്കുന്ന അയ്യപ്പ ജ്യോതിയില്‍ യോഗക്ഷേമ സഭയുടെ പൂര്‍ണ പങ്കാളിത്തമുണ്ടാകും. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിനായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ സംയുക്തമായി നടത്തുന്ന അയ്യപ്പ ജ്യോതിയ്ക്ക് യോഗക്ഷേമസഭ പിന്തുണ പ്രഖ്യാപിച്ചു. അയ്യപ്പജ്യോതിക്ക് യോഗക്ഷേമസഭയുടെ ശക്തമായ പിന്തുണയുണ്ടാകുമെന്നും സഭയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ 9 സ്ഥലങ്ങളിലായി സഭാംഗങ്ങളും പ്രവര്‍ത്തകരും അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കും. ജില്ലയിലെ മുഴുവന്‍ സമുദായ അംഗങ്ങളും അയ്യപ്പ ജ്യോതിയില്‍ അണി ചേരുമെന്നും ജില്ലാ പ്രസിഡന്റ് ടികെ ദാമോദരന്‍ നമ്പൂതിരി ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യന്‍ നമ്പൂതിരി ജില്ലാ ട്രഷറര്‍ ഗോവിന്ദന്‍ പോറ്റി എന്നിവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എന്‍എസ്എസ് അയ്യപ്പ ജ്യോതിക്ക് പിന്തുണയറിയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 26 എന്നു പറയുന്നത് ശബരിമലയെ സംബന്ധിച്ചും ഹിന്ദു വിശ്വാസികളെ സംബന്ധിച്ചും ഒരു നല്ല ദിവസമാണ്. അന്ന് ഈശ്വരപരമായ കാര്യങ്ങള്‍ ആരു ചെയ്താലും വിശ്വാസികള്‍ അതില്‍ സഹകരിക്കുന്നതില്‍ തെറ്റില്ല. അയ്യപ്പനെ ധ്യാനിച്ചു കൊണ്ട് ആരു പരിപാടി നടത്തിയാലും അതില്‍ പങ്കെടുക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നതാണ് എന്‍.എസ്.എസിന്റെ അഭിപ്രായമെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചിരുന്നു.
Discussion about this post