തിരുവനന്തപുരം: കലയ്ക്കും കലാവേദികള്‍ക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവുമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. റീബില്‍ഡ് കേരള നടക്കുന്ന വേളയില്‍ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.
ക്ളാസിക്കല്‍ നൃത്തകലകള്‍ക്കൊപ്പം നാടന്‍ കലാരൂപങ്ങളെയും സര്‍ക്കാര്‍ പിന്തുണയ്ക്കണം. നാടന്‍ കലാരൂപങ്ങള്‍ക്കും നിശാഗന്ധി നൃത്തോത്സവത്തില്‍ അവസരം നല്‍കണം. ഇതിലൂടെ അവസരമില്ലാതെ ബുദ്ധിമുട്ടുന്ന നാടന്‍ കലാകാരന്‍മാര്‍ക്ക് പ്രയോജനമുണ്ടാവും. ടൂറിസത്തിന്റെ പ്രചാരണത്തിനായി ആരംഭിച്ച നിശാഗന്ധി നൃത്തോത്സവം കലയോടുള്ള കേരളത്തിന്റെ മികവിന്റെ മുദ്രയായി മാറിയിരിക്കുന്നു. നിശാഗന്ധി നൃത്തോത്സവം ആഗോളതലത്തില്‍ തന്നെ ഇന്ത്യന്‍ നൃത്ത കലകള്‍ക്ക് പ്രചാരം നല്‍കുന്ന വിധത്തില്‍ മാറിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. കലാമണ്ഡലം ക്ഷേമാവതിക്ക് നിശാഗന്ധി പുരസ്‌കാരം അദ്ദേഹം സമ്മാനിച്ചു. വസന്തോത്സവത്തിന്റെ ഭാഗമായുള്ള വിവിധ പുരസ്‌കാരങ്ങളും ജേതാക്കള്‍ക്ക് നല്‍കി.
നിശാഗന്ധി പുരസ്‌കാരത്തിന് സമാനമായി മണ്‍സൂണ്‍ രാഗ സംഗീതോത്സവത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കെ. മുരളീധരന്‍ എം. എല്‍. എ, മേയര്‍ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, കെ. ടി. ഡി. സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കലാമണ്ഡലം ക്ഷേമാവധി, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു.
റിഗാറ്റ മ്യസിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തരൂപത്തോടെയാണ് നൃത്തോത്സവം ആരംഭിച്ചത്. തുടര്‍ന്ന് ഡോ. നീനാപ്രസാദ് മോഹിനിയാട്ടം അവതരിപ്പിച്ചു.












