തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്റൈന്‍, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളായ സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വര്‍ധിച്ച ആവശ്യമുണ്ട്. നിലവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസാണ് നാലു അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് നടത്തുന്നത്.
കണ്ണൂരില്‍ നിന്ന് വിദേശ വിമനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ഇതാവശ്യമാണ്. കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനുള്ള നികുതി നേരത്തെതന്നെ ഒരു ശതമാനമായി കുറച്ചിരുന്നു.
ഉദ്ഘാടനം ചെയ്തശേഷമുള്ള ആദ്യമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണ്. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളുമായും കണ്ണൂരില്‍ നിന്നുള്ള വ്യോമബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡെല്‍ഹിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വീസുകള്‍ ഇതില്‍ പ്രധാനമാണ്. മറ്റു വിമാനത്താവളങ്ങളിലും കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post