തിരുവനന്തപുരം: സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ നന്നായി മനസിലാക്കിയാകണം വോട്ടവകാശം പൗരന്‍മാര്‍ വിനിയോഗിക്കേണ്ടതെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ദേശീയ സമ്മതിദായകദിനാഘോഷം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവകാശം വിനിയോഗിക്കാന്‍ വേണ്ടി മാത്രമാകരുത് വോട്ടുചെയ്യുന്നത്. പൗരന്‍ എന്ന നിലയ്ക്ക് വിനിയോഗിക്കാന്‍ ആകുന്ന ശക്തമായ അവകാശമാണത്. ഇന്ത്യന്‍ ജനാധിപത്യവും തിരഞ്ഞെടുപ്പ് ലോകത്തിനു തന്നെ മാതൃകയാണ്. ഇത്രയും ആത്മാര്‍ഥതയോടെയും വിശ്വാസത്തോടെയും പ്രയോജനപ്പെടുത്തുന്നതും ഇന്ത്യയിലാണ്. വോട്ടവകാശം എല്ലാ ഭരണഘടനാ അവകാശങ്ങളുടെയും മാതാവാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ യുവാക്കള്‍ അഭിമാനത്തോടെ നിറവേറ്റണം.
ഇലക്ടറല്‍ ലിറ്ററല്‍ ക്ലബ്ബുകള്‍ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ആരംഭിക്കുന്നത് വോട്ടര്‍മാരുടെയും ഭാവി വോട്ടര്‍മാരുടെയും ബോധവത്കരണത്തിന് നല്ലതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരുപാട് കാര്യങ്ങളില്‍ കേരളം ഒന്നാമതാണ്. മാതൃകാപെരുമാറ്റച്ചട്ടം, ഇലക്ട്രോണിക് േവാട്ടിംഗ് മെഷീന്‍ തുടങ്ങിയവ ആദ്യം പ്രയോഗത്തില്‍ വരുത്തിയത് ഇവിടെയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പ്രധാന പരിഷ്‌കാരങ്ങളായ നോട്ട, വി.വി പാറ്റ് തുടങ്ങിയ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന് സന്തോഷമുണ്ട്. വി.വി പറ്റ് ഉള്‍പ്പെടെയുള്ള സമ്പ്രദായങ്ങള്‍ ചെലവ് കുറച്ച് കൂട്ടുമെങ്കിലും വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വോട്ടറും ഒഴിവാക്കപ്പെടരുത് എന്ന ഈ വര്‍ഷത്തെ മുദ്രാവാക്യം എറെ പ്രസക്തമാണ്. ഗവര്‍ണറായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ തന്റെ വോട്ട് ചെന്നൈയില്നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചതായും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.
ദേശീയ സമ്മതിദായക പ്രതിജ്ഞ ഗവര്‍ണര്‍ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ സംസ്ഥാനതല ഡോക്യുമെന്ററി, പോസ്റ്റര്‍ മത്സരവിജയികള്‍ക്കുള്ള അവാര്‍ഡും ഗവര്‍ണര്‍ വിതരണം ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടര്‍ ഡോ.കെ. വാസുകി കൃതജ്ഞത രേഖപ്പെടുത്തി.












