തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളല്ല, ഒരുമയോടെയും രാഷ്ട്രീയ ഐക്യത്തോടുമുള്ള പ്രവര്‍ത്തനമാണ് കേരള പുനര്‍നിര്‍മാണത്തിന് ആവശ്യമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. 70 ാമത് റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തുകയും വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സാധാരണജീവിതത്തെ ബാധിക്കുന്ന അക്രമപ്രതിഷേധങ്ങളും നിരന്തര ഹര്‍ത്താലുകളും സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നേരിട്ട പ്രതിസന്ധികള്‍ നമ്മെ ഒരുമിപ്പിക്കാനുള്ള ശക്തിയാകണം. പ്രളയം സംസ്ഥാന സാമ്പത്തികസ്ഥിതിയെ തകര്‍ത്തെങ്കിലും നമ്മുടെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം രാജ്യത്തിനുതന്നെ മാതൃകയായി. പുനര്‍നിര്‍മാണത്തിന്റെ പ്രവൃത്തികള്‍ ഒരുരാത്രികൊണ്ട് തീര്‍ക്കാവുന്നതല്ല. അതുകൊണ്ടുതന്നെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പുനര്‍നിര്‍മാണപ്രവൃത്തികളുടെ മുന്‍ഗണനകളില്‍ സങ്കുചിതരാഷ്ട്രീയം കടന്നുവരരുത്. ഇതിനായി ആത്മാര്‍ഥമായ രാഷ്ട്രീയ ഐക്യമാണ് വേണ്ടത്.
രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം കേരളവും പുരോഗതി നേടി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണത്തോട് അടുക്കുന്നു, കണ്ണൂര്‍ വിമാനത്താവളം, കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപാസ് ഏപ്രിലോടെ യാഥാര്‍ഥ്യമാകുന്നു തുടങ്ങിയ ഇതിനുള്ള അടയാളങ്ങളാണ്. ജലപാതകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാകാനുള്ള കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി കൂടുതല്‍ ആഗോള കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ എത്തി.
ജെന്‍ഡര്‍ ബജറ്റിംഗ്, ട്രാന്‍സ്ജെന്‍ഡര്‍ നയം, ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചത്, ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ ഇടപെടലുകള്‍ എന്നിവ ദേശവ്യാപക അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. മാനവശേഷി വികസനത്തിലും ലോകശ്രദ്ധനേടുന്നതിലും മികച്ച ഭാവിയുള്ള സംസ്ഥാനമാണ് കേരളമെന്നതാണ് ഗവര്‍ണര്‍ എന്ന നിലയിലെ തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post