ന്യൂദല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറിക്ക് വിരമിക്കല്‍ കാലാവധി നിശ്ചയിക്കണമെന്ന് പ്രകാശ് കാരാട്ട്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം അറിയിച്ചത്. ശുപാര്‍ശ പാര്‍ട്ടിക്ക് മുമ്പാകെ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത കാലാവധിയില്‍ മാത്രമേ ജനറല്‍ സെക്രട്ടറി തുടരാവൂ. ഇത് രണ്ടു മുതല്‍ പരമാവധി നാലു തവണ വരെയാക്കി സെക്രട്ടറി കാലാവധി ചുരുക്കണം. നിശ്ചിത കാലാവധി ഉണ്ടാവുകയാണെങ്കില്‍ പുതിയൊരു നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ വളരെക്കാലം തുടരുന്ന പ്രവണതയാണു കണ്ടുവരുന്നത്. ഇഎംഎസും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും വളരെക്കാലം ഈ സ്ഥാനത്തു തുടര്‍ന്നിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നൊഴിഞ്ഞാലും പൊളിറ്റ് ബ്യുറോ, സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരുടെ കാലാവധി പരമാവധി നാലു തവണയായി ചുരുക്കണമെന്ന നിര്‍ദേശം നേരത്തേ കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പു സി.പി.എമ്മില്‍ പല ധ്രുവീകരണങ്ങള്‍ക്കും സാധ്യതകളുണ്ട്. ഈ സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്നതാണു കാരാട്ടിന്റെ വാക്കുകള്‍.
Discussion about this post