ന്യൂഡല്‍ഹി: പെട്രോള്‍ വിലയില്‍ വന്‍വര്‍ധന. കേരളത്തില്‍ നികുതിയുള്‍പ്പെടെ ലിറ്ററിന് 5.30 മുതല്‍ 5.39 രൂപ വരെ കൂടി.
ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂട്ടുന്നത് സംബന്ധിച്ച തീരുമാനവും ഉടനുണ്ടാവുമെന്ന് കരുതുന്നു. ഡീസലിന് മൂന്നു രൂപ വരെയും പാചകവാതകത്തിന് സിലിണ്ടറിന് 25 രൂപ വരെയും കൂട്ടാന്‍ വരുന്ന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചേരുന്ന മന്ത്രിസഭാ ഉപസമിതി തീരുമാനമെടുത്തേക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ ലിറ്ററിന് 4.99 രൂപ മുതല്‍ 5.01 രൂപ വരെയാണ് കൂട്ടുന്നത്. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വിലയേക്കാള്‍ ഒമ്പതര മുതല്‍ പത്തു രൂപ കുറച്ചാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില്‍ക്കുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് ഇപ്പോള്‍ അഞ്ചുരൂപ കൂട്ടുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം കഴിഞ്ഞ ജൂലായ് 26-ന് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനെത്തുടര്‍ന്ന് ഇതുവരെയായി ഏഴു തവണ പെട്രോളിയത്തിന്റെ വില കൂട്ടിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വില കൂട്ടിയത് ജനവരിയിലാണ്.
Discussion about this post