തിരുവനന്തപുരം: എന്‍. സി. സി. കേഡറ്റുകള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കുന്നതിനൊപ്പം വിജയികള്‍ക്ക് നല്‍കുന്ന സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീല്‍. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് തിരികെയെത്തിയ കേഡറ്റുകള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യവും അച്ചടക്കവും മതനിരപേക്ഷ ബോധവും ഏറ്റവും അത്യാവശ്യമായ കാലത്ത് എന്‍. സി. സി. ചെയ്യുന്നത് ദേശീയോദ്ഗ്രഥന പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണ പരിപാടി, വൃക്ഷ ത്തൈ നടീല്‍, രക്തദാനം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രളയകാലത്ത് പ്രയാസമനുഭവിച്ചവര്‍ക്ക് ആശ്രയമാകാനും എന്‍. സി. സി ക്ക് കഴിഞ്ഞു. എന്‍. സി. സിയിലെ പെണ്‍കുട്ടികളുടെ പങ്കാളിത്തത്തില്‍ രാജ്യത്തില്‍ തന്നെ കേരളം ഏറ്റവും മുന്നിലാണ്. കേരളം സ്ത്രീ ശാക്തീകരണ രംഗത്ത് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 33 കേരള എന്‍. സി.സി ഇടുക്കിയുടെ നേതൃത്വത്തില്‍ മൂന്ന് മാസം കൊണ്ട് നിര്‍ദ്ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കിയതും മന്ത്രി അഭിനന്ദിച്ചു.
2018-19 ലെ ഏറ്റവും മികച്ച ഗ്രൂപ്പിനുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേരിലുള്ള ബാനര്‍ കോട്ടയം എന്‍. സി. സി. ഗ്രൂപ്പിന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എന്‍. വി. സുനില്‍കുമാര്‍ ഏറ്റുവാങ്ങി. രണ്ടാമത്തെ ഗ്രൂപ്പിനുള്ള ബാനര്‍ കോഴിക്കോട് ഗ്രൂപ്പും മികച്ച ബറ്റാലിയനുള്ള അവാര്‍ഡ് ഏഴ് കേരള ഗേള്‍സ് ബറ്റാലിയനും ഏറ്റുവാങ്ങി.













Discussion about this post