തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തായി. ഒരു മണ്ഡലത്തില്‍ മൂന്ന് പേരുകള്‍ അടങ്ങുന്ന പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നല്‍കിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകക്ഷികളുമായി ഏകദേശ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന് പുറമെ പി.കെ.കൃഷ്ണദാസും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രതീക്ഷ അര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരില്‍ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനുമാണ് സാധ്യത. ഈ മണ്ഡലത്തില്‍ ബി.ഡി.ജെ.എസുമായി കൂടിയാലോചിച്ച ശേഷമാകും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി ഒരുക്കമാണെന്നാണ് വിവരം. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം.ടി.രമേശിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആര്‍.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.













Discussion about this post