കാസര്‍കോട്: കാസര്‍കോട് പെരിയയിലെ നവോദയ സ്കൂളില്‍ എച്ച1എന്‍1 രോഗലക്ഷണങ്ങളുമായി 72 കുട്ടികള്‍ നിരീക്ഷണത്തില്‍. ഇതില്‍ അഞ്ച് പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും കുട്ടികളെ ഒരുമിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സ്കൂളില്‍ തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.
പനി ഗുരുതരമായ രണ്ട് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കുട്ടികള്‍ക്ക് പ്രത്യേകം ചികിത്സ നല്‍കുന്നതിനായി രക്ഷിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. അഞ്ച് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചത് മണിപ്പാല്‍ ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയിലായിരുന്നു. എച്ച്1എന്‍1 ബാധയുടെ ഉറവിടം ഇനിയും കണ്ടെത്തിയിട്ടില്ല.
പരീക്ഷാ കാലമായതിനാല്‍ പരിസരത്തെ മറ്റ് സ്കൂളുകളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. എന്നാല്‍ ആശങ്ക വേണ്ടെന്നും, മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മതിയെന്നും കൂടുതല്‍ പേരിലേക്ക് പനി പടരാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Discussion about this post