തിരുവനന്തപുരം: ഇരുപതാമത് കന്നുകാലി സെന്‍സസിന് സംസ്ഥാനത്ത് തുടക്കമായി. മൃഗസംരക്ഷണ മന്ത്രി കെ. രാജു ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സെന്‍സസിന് തുടക്കം കുറിച്ചത്. വളര്‍ത്തു മൃഗങ്ങളുടെ വിവരം മുഖ്യമന്ത്രി നല്‍കി. കാലിത്തൊഴുത്തിലും മത്സ്യക്കുളത്തിലും പക്ഷികളുടെ കൂടുകള്‍ക്ക് സമീപത്തും മന്ത്രിയെ കൂട്ടിക്കൊണ്ടുപോയി മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു.
ക്ളിഫ് ഹൗസില്‍ വളര്‍ത്തുന്ന ജേഴ്സി പശു, വെച്ചൂര്‍ പശുക്കുട്ടി, താറാവ്, കോഴികള്‍, മത്സ്യകൃഷി എന്നിവയുടെ വിവരം മന്ത്രി കെ. രാജു രേഖപ്പെടുത്തി. മൃഗസംരക്ഷണ ഡയറക്ടര്‍ എസ്. സദാനന്ദന്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
15 തരം മൃഗങ്ങളുടെയും എട്ട് തരം കോഴിയിനങ്ങളുടെയും വിവരങ്ങള്‍ ഇത്തവണത്തെ സെന്‍സസില്‍ എടുക്കുന്നുണ്ട്. മത്സ്യകൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, അലഞ്ഞു തിരിയുന്ന നായ്ക്കളുടെ വിവരം, കശാപ്പുശാലകളുടെ വിവരം എന്നിവയാണ് ശേഖരിക്കുന്നത്. കന്നുകാലി, പൗള്‍ട്രി കര്‍ഷകരുടെ ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ബയോമെട്രിക് ഐ. ഡി കാര്‍ഡ് വിവരങ്ങള്‍, കൈവശ കാര്‍ഷിക ഭൂമി, വിദ്യാഭ്യാസ യോഗ്യത, വാര്‍ഷിക വരുമാനം, സാമ്പത്തിക സഹായ ലഭ്യത എന്നിവയും എടുക്കും.
ഒരു വാര്‍ഡില്‍ ആകെയുള്ള മൃഗങ്ങളുടെ ഇനം തിരിച്ചുള്ള എണ്ണം, മൃഗത്തിന്റെ പ്രായം, ഉപയോഗം എന്നിവയും ശേഖരിക്കും. ടാബ്ലറ്റുകള്‍ ഉപയോഗിച്ചാണ് ഇത്തവണ വിവരങ്ങളെടുക്കുന്നത്. ഇന്ത്യയില്‍ കന്നുകാലി സെന്‍സസ് കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ചിരുന്നെങ്കിലും പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.













Discussion about this post