തിരുവനന്തപുരം: അടുത്ത പത്ത് വര്‍ഷത്തിനകം രണ്ടു കോടി തെങ്ങുകള്‍ കേരളത്തില്‍ നട്ടു വളര്‍ത്തുമെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. വെള്ളായണി കായല്‍ പാടശേഖരം വികസന പ്രവൃത്തികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വച്ച് വിതരണം ചെയ്യും. ഇതിനായി 15 ലക്ഷം തെങ്ങിന്‍തൈകള്‍ തയ്യാറായിക്കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായെങ്കിലും കാര്‍ഷിക മേഖല തകര്‍ച്ചയെ അതിജീവിച്ച് നേട്ടം കൈവരിച്ചതായി മന്ത്രി പറഞ്ഞു. ആയിരം ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ഷിക മേഖല നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ 3.68 ശതമാനം വര്‍ളച്ചയുണ്ടായി. 2016ല്‍ കടുത്ത വരള്‍ച്ചയും 2017ല്‍ ഓഖിയും 2018ല്‍ പ്രളയവും കാര്‍ഷിക മേഖലയെ ബാധിച്ചു. പ്രളയത്തില്‍ അടിഞ്ഞു കൂടിയ എക്കല്‍ മികച്ച കാര്‍ഷിക വിളവിന് കാരണമായി. എട്ട് ശതമാനം വരെ വിളവ് വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കുട്ടനാട് മേഖലയില്‍ മാത്രം 14,000 ഹെക്ടറില്‍ അധിക നെല്‍കൃഷിയിറക്കി. 75000 മെട്രിക് ടണ്‍ അധിക നെല്ലുല്‍പാദനമാണ് കുട്ടനാട് രേഖപ്പെടുത്തിയത്.
400 ചെറിയ റൈസ് മില്ലുകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചതോടെ കര്‍ഷകരുടെ നേതൃത്വത്തില്‍ 47 അരി ബ്രാന്റുകളുണ്ടായി. ഉപഭോക്തൃ സംസ്ഥാനത്തില്‍ നിന്ന് ഉത്പാദന സംസ്ഥാനമായി കേരളം മാറണമെന്ന് മന്ത്രി പറഞ്ഞു. മൂന്നര കോടി രൂപയാണ് വെള്ളായണി കായല്‍ പാടശേഖര വികസന പ്രവൃത്തികള്‍ക്കായി ചെലവഴിക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. പി. മുരളി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിത്ത്, തദ്ദേശസ്ഥാപന പ്രതിനിധികളായ സതീശന്‍, ആര്‍. ജയലക്ഷ്മി, എസ്. കുമാര്‍, ഷൈലജ സുരേഷ്ബാബു, മനോജ് കെ. നായര്‍, പാടശേഖരസമിതി പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.













Discussion about this post