തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് രണ്ടു മണിയോടെ രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്.ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആദ്യം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. കെ.എം. മാണി (ധനകാര്യം, നിയമം, ഭവനനിര്‍മ്മാണം), പി.ജെ. ജോസഫ് (ജലസേചനം), കെ.പി. മോഹനന്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം), ടി.എം. ജേക്കബ് (ഭക്ഷ്യ-സിവില്‍ സപ്‌ളൈസ്, തുറമുഖം, ഉപഭോക്‌തൃകാര്യം), കെ.ബി. ഗണേശ്കുമാര്‍ (ടൂറിസം, സ്‌പോര്‍ട്‌സ്, യുവജനകാര്യം) എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത മറ്റു മന്ത്രിമാര്‍.
നാലു തവണ മന്ത്രിയായ ഉമ്മന്‍ചാണ്ടി രണ്ടാം തവണയാണ് മുഖ്യമന്ത്രിപദമേറുന്നത്. കെ.എം. മാണി പതിമൂന്നാം തവണയും കുഞ്ഞാലിക്കുട്ടിയും ടി.എം. ജേക്കബും നാലാം തവണയും ഗണേഷ്‌കുമാര്‍ രണ്ടാം തവണയും ഷിബു ബേബി ജോണും കെ.പി. മോഹനനും ആദ്യമായിട്ടുമാണ് മന്ത്രിമാരാകുന്നത്. മന്ത്രിസ്ഥാനത്തെത്തി കെ. എം.മാണി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.
1970 മുതല്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ചാണ്ടി നാലു തവണ മന്ത്രിസഭാംഗമായി. ആഭ്യന്തരം, തൊഴില്‍, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
45 വര്‍ഷം കേരള നിയമസഭയില്‍ സാന്നിധ്യമായ കെ.എം മാണി പതിനൊന്നു മന്ത്രിസഭകളില്‍ അംഗമായിരുന്നിട്ടുണ്ട്. 1965 മുതല്‍ പാലയെ പ്രതിനിധീകരിക്കുന്ന മാണി ആഭ്യന്തരം, ധനകാര്യം, റവന്യൂ, ജലവിഭവം, നിയമും, വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്തു. എട്ടു തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു എന്ന റെക്കോഡിനുടമയാണ്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി ഏറെ വിവാദങ്ങള്‍ വേട്ടയാടിയ ചരിത്രവുമായാണ് ഇക്കുറി മന്ത്രിയാകുന്നത്. ഏഴുതവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലുതവണ മന്ത്രിസഭയില്‍ അംഗമായി. വ്യവസായ, സാമൂഹിക ക്ഷേമ വകുപ്പുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്ത പരിചയം കുഞ്ഞാലിക്കുട്ടിക്കുണ്ട്.
കേരള കോണ്‍ഗ്രസ്(ജെ)യുടെ ലീഡര്‍ ടി.എം. ജേക്കബ് നാലു തവണ മന്ത്രിസഭയില്‍ അംഗമായി. വിദ്യാഭ്യാസ,ജലസേചന, ജലവിഭവ, സാംസ്കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. നിയമസഭയില്‍ എട്ടാം തവണയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.
യുഡിഎഫില്‍ പുതുമുഖമായ സോഷ്യലിസ്റ്റ് ജനത അംഗമായി നിയമസഭയില്‍ എത്തിയ കെ.പി. മോഹനന്‍ ആദ്യമായാണു മന്ത്രിപദത്തിലെത്തുന്നത്. നിയമസഭയില്‍ മൂന്നാം തവണ. മുന്‍മന്ത്രി പി.ആര്‍. കുറുപ്പിന്റെ മകനായ മോഹനന്‍ ഇത്തവണ നിയമസഭയിലെത്തിയതു കൂത്തുപറമ്പില്‍ നിന്ന്.
ആര്‍എസ്.പി ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍ മന്ത്രിയാകുന്നത് ആദ്യം. 2001 ചവറയില്‍ നിന്നു ആദ്യ ജയം. 2006 മുന്‍മന്ത്രി പ്രേമചന്ദ്രനോടു ചവറയില്‍ പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ അതേ തട്ടകത്തില്‍ പ്രേമചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. ആര്‍.എസ്.പി നേതാവും മുന്‍മന്ത്രിയുമായ ബേബി ജോണിന്റെ മകനാണ് ഷിബു ബേബി ജോണ്‍.
സിനിമയില്‍ നിന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയ കെ.ബി ഗണേഷ്‌കുമാറിന് ഇത് നിയമസഭയില്‍ മൂന്നാം ഊഴം. ആന്റണി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായി. 2001മുതല്‍ പത്തനാപുരത്തിന്റെ എംഎല്‍എ.
Discussion about this post