തിരുവനന്തപുരം: കെ. എസ്. ചിത്രയുടെ മധുരശബ്ദത്തില്‍ തെരഞ്ഞെടുപ്പ് ഗാനം ഇനി കേരളക്കരയാകെ അലയടിക്കും. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പാട്ട് തയ്യാറാക്കിയത്. ആദ്യമായാണ് ഇലക്ഷന്‍ വിഭാഗം മലയാളത്തില്‍ ഒരു ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്. ഗാനത്തിന്റെ ഡി.വി.ഡി പ്രകാശനം ഏപ്രില്‍ മൂന്നിന് രാവിലെ 10ന് വി. ജെ. ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും. ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപക ടിഫാനി ബ്രാര്‍ ഡി.വി.ഡി ഏറ്റുവാങ്ങും.
മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് തെരഞ്ഞെടുപ്പ് ഗീതം എന്ന ആശയം. ഐ. എം. ജി ഡയറക്ടറും മുന്‍ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ മനോഹരമായ വരികളിലൂടെ ഇതിന് സാക്ഷാത്കാരം നല്‍കി. മാത്യു ടി. ഇട്ടിയാണ് സംഗീതം പകര്‍ന്നത്.
”കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സി വിജില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജസ്ഥാനില്‍ എന്നെ നിയോഗിച്ചിരുന്നു. അവിടെ പല ജില്ലകളും സന്ദര്‍ശിച്ചപ്പോള്‍ പ്രാദേശിക ഭാഷയിലുള്ള തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ശ്രദ്ധയില്‍പെട്ടു. ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല ലഭിച്ച സമയത്താണ് മലയാളത്തിലുള്ള തെരഞ്ഞെടുപ്പ് ഗാനം എന്ന ആശയം മനസിലുണ്ടായത്. അങ്ങനെയാണ് കെ. ജയകുമാര്‍ സാറുമായി ഈ വിഷയം സംസാരിക്കുന്നത്. അദ്ദേഹം വരികള്‍ എഴുതാമെന്ന് ഉറപ്പ് നല്‍കിയപ്പോള്‍ മറ്റു നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു,” മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
”ഭാരത ഭാഗ്യവിധാതാക്കള്‍ നാം….” എന്നാരംഭിക്കുന്ന ഗാനം രണ്ടു മാസത്തെ യത്നത്തിലാണ് യാഥാര്‍ത്ഥ്യമായത്. വോട്ടു ചെയ്യാന്‍ തയ്യാറെടുക്കൂ, വോട്ടര്‍ എന്നതില്‍ അഭിമാനിക്കൂ തുടങ്ങിയ സന്ദേശങ്ങളാണ് നാലു മിനിട്ടുള്ള ഗാനം മുന്നോട്ടു വയ്ക്കുന്നത്. സാംസ്‌കാരിക, സാമൂഹ്യ, ദേശഭക്തി ആശയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗാനം ഒരുക്കിയതെന്ന് ടിക്കാറാം മീണ പറഞ്ഞു.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഐക്കണുകളായി നിശ്ചയിച്ചിട്ടുള്ള കെ. എസ്. ചിത്രയെയും ഇ. ശ്രീധരനെയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിക്കും. സ്വീപിന്റെ ഭാഗമായുള്ള വിവിധ പോസ്റ്ററുകളും ഗവര്‍ണര്‍ പ്രകാശനം ചെയ്യും.












