കൊച്ചി: പ്രളയകാലത്ത് കേരളത്തില്‍ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചയുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് തുറക്കുന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ല.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പറ്റിയ വീഴ്ച്ചയെക്കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും ആവശ്യമായ മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും ഇതൊന്നും പാലിക്കാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.












