കോട്ടയം: അന്‍പതുവര്‍ഷക്കാലം കേരള രാഷ്ട്രീയത്തിന്റെയും കേരള കോണ്‍ഗ്രസിന്റെയും നട്ടെല്ലായിരുന്ന കെ.എം.മാണിക്ക് അന്തിമോപചാരമര്‍പ്പിച്ച് കേരളം. രാവിലെ കൊച്ചിയിലെ ആശുപത്രിക്കു മുന്നില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ സ്വദേശമായ പാലായിലേക്കുള്ള യാത്രയില്‍ വഴിയിലുടനീളം വന്‍ ജനാവലിയാണു കാത്തുനിന്നത്. നെട്ടൂര്‍, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. മാണിയുടെ കുടുംബാംഗങ്ങള്‍ മറ്റൊരു വാഹനത്തില്‍ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. ജന്മദേശമായ പാലായില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.













