പാലക്കാട്: പുത്തൂര്‍ ഷീലവധക്കേസില്‍ രണ്ടാംപ്രതി കനകരാജിന് (36)വധശിക്ഷ. പാലക്കാട് അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് ഡിസ്ട്രിക്ട് കോടതി ജഡ്ജി പി.കെ.ഹനീഫയാണ് ശിക്ഷ വധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി വിലയിരുത്തി. 30 ദിവസത്തിനുള്ളില്‍ കനകരാജിന് വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
കോയമ്പത്തൂര്‍ ആര്‍.എസ്.പുരം നമ്പര്‍ 22 കൃഷ്ണസ്വാമി മുതലിയാര്‍റോഡ് സ്വദേശിയാണ് കനകരാജ്. കൊലപാതകം, ഭവനഭേദനം, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് കനകരാജ്‌ചെയ്തതായി തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍, താന്‍ കുറ്റംചെയ്തിട്ടില്ലെന്നും ഭാര്യയും ഒരുകുട്ടിയും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ചുമടെടുത്താണ് ജീവിക്കുന്നതെന്നും കനകരാജ് കോടതിയെ ബോധിപ്പിച്ചു. പ്രതിക്ക് നന്നാവാനുള്ള അവസരം നല്‍കണമെന്നും അഭിഭാഷന്‍ കോടതിയോട് പറഞ്ഞു.
മൂന്നാംപ്രതിയായ കോയമ്പത്തൂര്‍ കൗണ്ടംപാളയം നമ്പര്‍ 125 അണ്ണാനഗറില്‍ മണികണ്ഠനെ (42) കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടിരുന്നു. മണികണ്ഠനെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാലാണ് കോടതി വെറുതെവിട്ടത്.
2010 മാര്‍ച്ച് 23ന് പാലക്കാട് പുത്തൂര്‍ ഗംഗോത്രിനഗറിലെ വീട്ടിനുള്ളില്‍ ഷീല കൊല്ലപ്പെടുമ്പോള്‍ മണികണ്ഠന്‍ ‘വീടിനുമുന്‍വശത്ത് മറ്റാളുകള്‍ വരുന്നുണ്ടോ എന്ന് നോക്കാന്‍ കാവല്‍നിന്നു’ എന്നാണ് പോലീസ്‌സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഷീലയെ കൊലപ്പെടുത്തുമ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ ധരിച്ചിരുന്ന രക്തക്കറപറ്റിയ വസ്ത്രങ്ങളും മൊബൈല്‍ഫോണും വാളയാര്‍കാട്ടില്‍ മദ്യമൊഴിച്ചുകത്തിച്ചെന്നും മണികണ്ഠനെതിരെ ആരോപണമുണ്ടായിരുന്നു. ഷീലയുടെ വീട്ടില്‍നിന്ന് കവര്‍ച്ചചെയ്ത മുതലുകളില്‍നിന്ന് രണ്ടുവളയും ഒരുജോഡി കമ്മലും കോയമ്പത്തൂരിലെ ഒരുകടയില്‍ ഇയാള്‍ പണയംവെച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ മൂന്നുകുറ്റങ്ങളും തെളിയിക്കാന്‍ അവര്‍ക്കായില്ല.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി വിലയിരുത്തി. 30 ദിവസത്തിനുള്ളില്‍ കനകരാജിന് വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
Discussion about this post