ചിക്കാഗോ: മുംബൈ ആക്രമണം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതില്‍ ഇപ്പോള്‍ അഭിമാനിക്കുന്നില്ലെന്നു ഡേവിഡ് ഹെഡ്‌ലി. ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്ന കാലത്ത് ഇതേക്കുറിച്ച് അഭിമാനമുണ്ടായിരുന്നുവെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയ്ക്കൊപ്പം അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിചാരണ നടത്തുമ്പോഴാണ് ഡിഫന്‍സ് അറ്റോര്‍ണി പാട്രിക് ഡബ്ലിയു ബല്‍ഗാന് ഹെഡ്‌ലി ഈ ഉത്തരം നല്‍കിയത്. വിചാരണയുടെ നാലാമത്തെ ദിവസത്തിലായിരുന്നു കുറ്റബോധം തോന്നുന്നുവെന്ന് ധ്വനിപ്പിക്കുന്ന മറുപടി ഹെഡ്‌ലി നല്‍കിയത്. ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ മേജര്‍ ഇക്ബാലിന്റെ നിര്‍ദേശാനുസരണം ഇന്ത്യയിലെ ആണവകേന്ദ്രം സന്ദര്‍ശിച്ചു പരിശോധന നടത്തിയെന്നും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ആണവകേന്ദ്രം പരിശോധിച്ചതെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. ഐ.എസ്.ഐയുടെ 50 പരിശീലന ക്യാംപുകളില്‍ പങ്കെടുത്തുവെന്നും വിചാരണ വേളയില്‍ ഹെഡ്‌ലി ചിക്കാഗോ കോടതിയെ അറിയിച്ചു. ആക്രമണം നടക്കുന്ന സമയത്ത് താന്‍ ഏറെ അഭിമാനിച്ചിരുന്നുവെന്ന് നേരത്തെ ഹെഡ്‌ലി വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്നയുടനെ പാഷയും ഭാര്യയുമുള്‍പ്പെടെ ഹെഡ്‌ലിക്ക് അഭിനന്ദന സന്ദേശം കൈമാറുകയും ചെയ്‌തു. ഇന്ത്യന്‍ സേന കാശ്‌മീരില്‍ കൊല്ലപ്പെടുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു മുംബയ് ആക്രമണമെന്നും ഹെഡ്‌ലി പറഞ്ഞിരുന്നു. മുംബയ്ക്കു ശേഷം കാശ്‌മീരിലേക്ക് പോകാനായിരുന്നു ഹെഡ്‌ലിയുടെ പദ്ധതി.
Discussion about this post