തൃശൂര്‍: കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും രംഗത്ത്. നേരിയ മാര്‍ജിനില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും കഴിവുള്ളവരെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാതിരുന്നത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ടി.എന്‍.പ്രതാപന്‍ ആവശ്യപ്പെട്ടു.
സാമുദായിക സംഘടനകള്‍ തങ്ങള്‍ക്കു താത്പര്യമുള്ളവരെ കൊണ്ടുവരാന്‍ കുറുക്കുവഴികള്‍ സ്വീകരിച്ചു. മത, ജാതി സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്. അനുഭവ സമ്പത്തില്ലാത്തവര്‍ മന്ത്രിമാരായത് ഇടപെടലുകളും മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ്. ഇതു ജനാധിപത്യത്തിന്റെ കാതലറുക്കുമെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായത് മോശം പ്രകടനമാണ്. എന്നിട്ടും മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ കഴിവ് മാനദണ്ഡമായില്ല. അനുഭവസമ്പത്തില്ലാത്തവര്‍ മന്ത്രിമാരായത് മറ്റ് പല മാര്‍ഗങ്ങളും കൊണ്ടാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അപാകതകള്‍ സംഭവിച്ചു.
സാമുദായിക സംഘടനകള്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ മന്ത്രിസ്ഥാനത്തെത്തിക്കാന്‍ കരുക്കള്‍ നീക്കുകയാണ് ചെയ്തത്. ഇത്തരം നടപടികള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാകും. ഇത്തവണത്തെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ഒരവകാശിയുണ്ടങ്കില്‍ അത് എ.കെ.ആന്റണി മാത്രമാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.നിയമസഭയുടെ ഗാലറിയില്‍ പോലും ഇരിക്കാത്തവര്‍ പലരും മന്ത്രിമാരാകുകയും അതേസമയം വി.ഡി.സതീശനെ പോലുള്ളവരെ മന്ത്രിയാക്കാത്തതിന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മറുപടി പറയണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.
Discussion about this post