ബെര്‍ലിന്‍: 2022-നകം ജര്‍മനിയിലെ എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടാന്‍ ഭരണസമിതിയുടെ ഉന്നതതലയോഗം തീരുമാനിച്ചു. ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊണ്ടാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് പരിസ്ഥിതിമന്ത്രി നോര്‍ബര്‍ട്ട് റോഡ്‌ഗെ വ്യക്തമാക്കി. എന്നാല്‍ ആണവോര്‍ജത്തിനു പകരം എന്ത് എന്ന ചോദ്യം അവശേഷിക്കുകയാണ്.
ജര്‍മനിയിലെ ഏഴു ആണവനിലയങ്ങള്‍ക്കു നിലവില്‍ മൊറാട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ആറെണ്ണം 2021-ല്‍ അടച്ചു പൂട്ടും. അവശേഷിക്കുന്നവ 2022-ലും. ഫുക്കുഷിമ ദുരന്തത്തെ തുടര്‍ന്ന് ജര്‍മനിയില്‍ കാലഹരണപ്പെട്ട ആണവനിലയങ്ങള്‍ക്കെതിരെ വന്‍പ്രതിഷേധം അലയടിച്ചു.
ജര്‍മനിയിലെ പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളോടൊപ്പം ചേര്‍ന്നതോടെ നിലവിലുളള 17 ആണവോര്‍ജ നിലയങ്ങളില്‍ ഏഴെണ്ണത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ രണ്ടു മാസം മുമ്പ് നടന്ന മന്ത്രിമാരുടെ സമ്മേളനത്തില്‍ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്നാണ് ഘട്ടംഘട്ടമായി ആണവനിലയങ്ങള്‍ മുഴുവന്‍ അടച്ചു പൂട്ടാന്‍ തീരുമാനമായത്.
Discussion about this post