കര്‍ക്കിടകം. വീടുകളില്‍ ഇത് ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായുള്ള ഔഷധക്കഞ്ഞിയുടെ കാലം. നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുകയും കോശങ്ങളെ വികസിപ്പിക്കുകയും ചെയ്യുന്ന മരുന്നുകഞ്ഞി ഓര്‍മശക്തിക്കും വാതരോഗങ്ങള്‍ക്കും മറ്റും ഏറെ ഉത്തമമാണെന്ന് പഴമക്കാര്‍ പറയുന്നു.
കുറുന്തോട്ടി, ചെറുള, മൂവില, മാരില, വയല്‍ചുള്ളി, കരിംകുറിഞ്ഞി, നീലപ്പന, ആടലോടകം, തഴുതാമ, ചിറ്റരത്ത, ചുക്ക്, ദേവതാരം, ഞെരിഞ്ഞില്‍, പതിമുഖം, ഇരട്ടിമധുരം, രാമച്ചം, അമുക്കരം, തിപ്പലി, കുരുമുളക്, ജീരകം, ശതകുപ്പ, കരിംജീരകം, ഉലുവ, ആശാളി, ഞവരയരി എന്നിവയാണ് ഔഷധക്കഞ്ഞിയിലെ പ്രധാന ഘടകങ്ങള്‍. ആദ്യകാലങ്ങളില്‍ പച്ചമരുന്നുകടകളില്‍നിന്ന് കഞ്ഞിക്കൂട്ടുകള്‍ വെട്ടിക്കൂട്ടിയാണ് ലഭിച്ചിരുന്നതെങ്കില്‍, കാലം മാറിയതോടെ സൗകര്യപ്രദമായ പായ്‌ക്കറ്റുകളിലാക്കി ഇന്ന് വിവിധ കമ്പനികള്‍ കഞ്ഞിക്കൂട്ടുകള്‍ വിപണിയിലെത്തിച്ചിട്ടുണ്‌ട്.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന വാത – പിത്ത – കഫങ്ങള്‍ മൂന്നും ദുഷിപ്പിക്കപ്പെടുന്നതും ദഹനവ്യവസ്ഥ തകിടംമറിയുന്നതും രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കര്‍ക്കിടകമാസത്തിലാണെന്ന് മാള കുഴൂരിലെ കണ്‌ടംകുളത്തി ആയുര്‍വേദ റിസോര്‍ട്‌സ് ആന്‍ഡ് ഹോസ്‌പിറ്റല്‍സ് ചീഫ് ഫിസിഷ്യന്‍ ഡോ. റോസ്‌മേരി വില്‍സന്‍ പറഞ്ഞു. അതുകൊണ്‌ടുതന്നെ ശരീരത്തെ ശുദ്ധീകരിക്കുന്ന ചികിത്സകളും ദഹനവ്യവസ്ഥയേയും രോഗപ്രതിരോധശേഷിയേയും ശക്തിപ്പെടുത്തുന്ന ആഹാരങ്ങളും നിശ്ചയമായും ശീലിക്കേണ്‌ട സമയമാണിത്.
വിഷാംശങ്ങളെ ഒഴിവാക്കിയും രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ചും വിവിധയിനം രോഗങ്ങളെ പ്രതിരോധിക്കാനായി അഭ്യംശം, വിയര്‍പ്പിക്കല്‍, കിഴികള്‍, ധാര, പിഴിച്ചില്‍ മുതലായ കേരളീയചികിത്സകളും വമനം, വിരേചനം, നസ്യം, കഷായ – തൈല വസ്‌തികള്‍ എന്നീ പഞ്ചകര്‍മങ്ങളും ഔഷധക്കഞ്ഞിസേവയും യുക്തമായി കൂട്ടിച്ചേര്‍ത്ത് സവിശേഷചികിത്സാരീതിയായ കര്‍ക്കിടക പുനര്‍ജീവന ചികിത്സ ഈ സമയത്തു ചെയ്യുന്നത് അത്യുത്തമമാണ്. ഏഴുദിവസത്തെ ഔഷധക്കഞ്ഞിസേവ നടുവേദന, കഴുത്തുവേദന, സന്ധിവേദന, കൈകാല്‍കഴപ്പ്, വാതരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ കരുത്തുനല്‌കും.
Discussion about this post