ലണ്ടന്‍: ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആവശ്യത്തിന് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ കൂടുതല്‍ ഞെരുക്കുകയാണെന്നും അതിനാല്‍ ആഗോള ഭക്ഷ്യസംവിധാനത്തില്‍ കാതലായ പരിഷ്‌കാരം വരുത്തണമെന്നും ദാരിദ്ര്യത്തിനും അനീതിക്കും പരിഹാരം കാണുന്നതിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കാനിടയുള്ളവയായി സംഘടന ചൂണ്ടിക്കാട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.
പ്രധാന ഭക്ഷ്യധാന്യങ്ങളുടെ വില 2030-ഓടെ 120 ശതമാനത്തിനും 180 ശതമാനത്തിനുമിടയില്‍ വര്‍ധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനമാകും ഇതിന് പ്രധാനകാരണം. നല്ല ഭാവിക്കായി എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്. കാലാവസ്ഥാ വ്യതിയാനം, കുതിച്ചുയരുന്ന ഭക്ഷ്യ വില, ഭൂമിയുടെയും ജലത്തിന്റെയും ഊര്‍ജത്തിന്റെയും ദൗര്‍ലഭ്യം എന്നീ വെല്ലുവിളികളെ നേരിടുന്നില്ലെങ്കില്‍ ഭക്ഷ്യ സംവിധാനം തകിടം മറിക്കപ്പെടുമെന്ന് ഓക്‌സ്ഫാം ചീഫ് എക്‌സിക്യുട്ടീവ് ബാര്‍ബറ സ്റ്റോക്കിങ് പറഞ്ഞു. കഴിഞ്ഞ ഇരുപതു വര്‍ഷംകൊണ്ട് ആഗോള ഭക്ഷ്യ വില ഇരട്ടിയായി എന്നാണ് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്ക്. വരുന്ന 20 വര്‍ഷവും ഈ രീതി തുടരുമെന്നാണ് ഓക്‌സ്ഫാമിന്റെ വിലയിരുത്തല്‍. 2050-തോടെ ലോക ജനസംഖ്യ 900 കോടിയാകും. എന്നാല്‍, കാര്‍ഷികോത്പാദന വളര്‍ച്ചയുടെ തോത് 1990നുശേഷം ഏതാണ്ടു പകുതിയായിരിക്കുകയാണ്.
ലോകത്തിലെ ദരിദ്രര്‍ വരുമാനത്തിന്റെ 80 ശതമാനവും ഇപ്പോള്‍ ഭക്ഷണത്തിനായാണ് ചെലവഴിക്കുന്നത്. ആഹാരസാധനങ്ങളുടെ വിലയേറുന്നതോടെ കൂടുതല്‍ പേര്‍ പട്ടിണിയിലേക്ക് നീങ്ങും. ഗ്വാട്ടിമാല, ഇന്ത്യ, അസര്‍ബൈജാന്‍, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ വരുംവര്‍ഷങ്ങളില്‍ ഭക്ഷ്യമേഖലയില്‍ അരക്ഷിതത്വം ഉണ്ടാകുമെന്നാണ് ഓക്‌സ്ഫാമിന്റെ പ്രവചനം. വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടീഷുകാര്‍ ചെലവിടുന്നതിന്റെ ഇരട്ടിയിലേറെ പണം ഇന്ത്യക്കാര്‍ക്കു ചെലവിടേണ്ടിവരുന്നുണ്ട്. ഇതാണ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ അപകടത്തിലാകുന്നു എന്നതിന്റെ സൂചനയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
Discussion about this post