
ആന്റിഗ്വ: രോഹിത് ശര്‍മ്മയുടെ കരുത്തിംഗില്‍ ബാറ്റിങ്ങിന്റെ വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യയ്‌ക്ക് സ്വന്തമായി. പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ വിന്‍ഡീസിനെ മൂന്നു വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റു ചെയ്‌ത വിന്‍ഡീസ് അമ്പതോവറില്‍ എട്ടുവിക്കറ്റിന് 225 റണ്‍സ് നേടി. മറുപടിയായി ഇന്ത്യ 46.2 ഓവറില്‍ ഏഴു വിക്കറ്റിന് 228 റണ്‍സ് നേടി. 91 പന്തില്‍ നിന്ന് 86 റണ്‍സ് നേടി പുറത്താകാതെ നിന്ന രോഹിത് ശര്‍മ്മയാണ് കൈവിട്ടുപോയ ഇന്ത്യന്‍ വിജയത്തിന്റെ കപ്പലിനെ വിജയതീരത്തെത്തിച്ചത്.
മുന്‍നിരക്കാര്‍ പരാജയപ്പെട്ട ഇന്ത്യന്‍ നിരയില്‍ ഹര്‍ഭജന്‍(41), പ്രവീണ്‍കുമാര്‍ (25) എന്നിവരടങ്ങിയ വാലറ്റത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയിച്ചത്. ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ (46) ഒഴികെ ഇന്ത്യന്‍ നിരയിലെ പ്രമുഖരെല്ലാം പരാജയപ്പെട്ട കളിയാണ് രോഹിത് തിരിച്ചുപിടിച്ചത്. ശിഖര്‍ധവാന്‍(4), വിരാട് കോഹ്‌ലി (0), ബദരിനാഥ് (11), ക്യാപ്‌റ്റന്‍ റെയ്‌ന (3), യൂസഫ് പഠാന്‍ (1) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ ഏഴുവിക്കറ്റിന് 180 എന്ന നിലയിലായിരുന്നു. നാല്‍പ്പത്തിരണ്ടാം ഓവറില്‍ ബാറ്റിങ് പവര്‍പ്ലേയെടുത്ത ഇന്ത്യ പിന്നീട് തകര്‍ത്തടിച്ചു.അഞ്ചോവറില്‍ 41 റണ്‍സാണ് പവര്‍പ്ലേയില്‍ നേടിയത്. ഹര്‍ഭജനും, പ്രവീണ്‍കുമാറുമൊത്ത് രോഹിത്‌ശര്‍മ്മ കരുതലോടെ നേടിയ കൂട്ടുകെട്ടാണ് ഇന്ത്യന്‍വിജയത്തിന് അടിത്തറയായത്. 88 റണ്‍സാണ് ഹര്‍ഭജനും രോഹിതും ചേര്‍ന്നു നേടിയത്.
വെസ്‌റ്റ് ഇന്‍ഡീസില്‍ പരമ്പര നേടാന്‍ വിജയമുറപ്പിച്ചു കളത്തിലിറങ്ങിയ ഇന്ത്യയെ ദുര്‍വിധി തിരിഞ്ഞുകൊത്തുന്നതാണ് തുടക്കത്തില്‍ കണ്ടത്.. ശിഖര്‍ ധവാന്റെയും വിരാട് കോഹ്‌ലിയുടെയും വിക്കറ്റുകള്‍ വീഴ്‌ത്തിയ സാമിയാണു കളി വിന്‍ഡീസിന്റെ വരുതിയിലേക്ക് അല്‍പമെങ്കിലും നീക്കിയത്. ധവാനെ സാമുവല്‍സ് പിടിച്ചപ്പോള്‍ കോഹ്‌ലിയുടെ പുറത്താകല്‍ വിവാദമുയര്‍ത്തിക്കഴിഞ്ഞു. അംപയര്‍ എല്‍ബിഡബ്ലിയു വിളിച്ചെങ്കിലും പന്ത് സ്‌റ്റംപിനു പുറത്തേക്കായിരുന്നെന്നു വിഡിയോ റീപ്ലേയില്‍ വ്യക്‌തം. അംപയര്‍ക്കു നേരെ അരിശം പൂണ്ടാണു കോഹ്‌ലി മടങ്ങിയത്.
മുന്‍നിര ബാറ്റ്‌സ്‌മാന്മാരുടെ കയ്യടക്കം തോന്നിപ്പിച്ച ബാറ്റില്‍നിന്നു ട്വന്റി20 മല്‍സരത്തിലേതു പോലെ ബൗണ്ടറികളും സിക്‌സറുകളും ഒഴുകി. 64 പന്തില്‍ എട്ടു ബൗണ്ടറിയും അഞ്ചു സിക്‌സും ഉള്‍പ്പെടെ റസല്‍ പുറത്താകാതെ നേടിയത് 92 റണ്‍സ്. എട്ടാം വിക്കറ്റില്‍ ഒപ്പമുണ്ടായിരുന്ന ബോയും (36) ഉചിതമായ പിന്തുണ നല്‍കിയതോടെ വന്‍തകര്‍ച്ചയില്‍നിന്നാണ് ആതിഥേയര്‍ രക്ഷപ്പെട്ടത്. അവസാന 18 പന്തില്‍ വിന്‍ഡീസ് നേടിയത് 47 റണ്‍സ്. 49-ാം ഓവറില്‍നിന്നു മാത്രം 22 റണ്‍സ്. ഈ കളിയിലെ ജയത്തോടെ, വിന്‍ഡീസില്‍ ഏറെക്കാലത്തിനു ശേഷം ഏകദിന പരമ്പര നേടിയിരിക്കുകയാണ് ഇന്ത്യ.
Discussion about this post