പെരുന്ന: വി.എസ്. അച്യുതാനന്ദനോടുള്ള വിയോജിപ്പ് മൂലമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ്. സമദൂരസിദ്ധാന്തം വെടിഞ്ഞതെന്ന് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര് വ്യക്തമാക്കി. പെരുന്നയില്‍ എന്‍.എസ്.എസ്. ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് നാരായണപ്പണിക്കര്‍ രാഷ്ട്രീയനിലപാടിന്റെ കാരണം വ്യക്തമാക്കിയത്.
വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി കാണാന്‍ എന്‍.എസ്.എസിന് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ വിരോധം വ്യക്തിപരമല്ല, നയങ്ങളോടും ശൈലിയോടുമാണ് എതിര്‍പ്പ്. സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് എന്ന നിലപാടാണ് തിരഞ്ഞെടുപ്പില്‍ കൈക്കൊണ്ടതെന്നും ഈ നിലപാട് സംഘടനയുടെ പൊതുധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും നാരായണപ്പണിക്കര്‍ വ്യക്തമാക്കി.
എന്‍.എസ്.എസിന് പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായി നിലപാട് പ്രഖ്യാപിച്ചിരുന്നത് വി.എസിനെതിരായ നിലപാട് അടഞ്ഞ അധ്യായമാണെന്നും അതിനെക്കുറിച്ച് ഇനി പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തന്നെ നായരായി ചിത്രീകരിക്കുന്നത് ദോഷമുണ്ടാക്കിയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നായര്‍ തന്നെയല്ലേ എന്നായിരുന്നു സുകുമാരന്‍ നായരുടെ മറുചോദ്യം.
സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ബജറ്റ് അവതരിപ്പിച്ചു. എന്‍.എസ്.എസ്. പ്രസിഡന്റായി പി.കെ.നാരായണപ്പണിക്കരേയും ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായരേയും യോഗം തിരഞ്ഞെടുത്തു.
Discussion about this post