തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഫലവൃക്ഷത്തൈ വിതരണം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഗ്രീന്‍ വോളണ്ടിയര്‍ ഗ്രൂപ്പ് എന്ന കൃഷി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലെ സര്‍വീസ് സംഘടനകളുടേയും നെല്ലിമൂട് കുഴിപ്പള്ളം ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ചാണ് വിതരണം നടത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തണല്‍ മരങ്ങള്‍ക്ക് പകരം ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്തത്.
ഭൂമിക്കൊരു തണലേകുക, കുടുംബത്തിന് ആശ്വാസമാകുക എന്ന നിലയ്ക്കാണ് ഈ വര്‍ഷം തണല്‍ മരങ്ങള്‍ ഒഴിവാക്കി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണിക്ക് നല്‍കിയാണ് മന്ത്രി വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിനുശേഷം മന്ത്രി സെക്രട്ടേറിയറ്റ് വളപ്പില്‍ പ്ലാവിന്‍തൈ നട്ടു.
ഒരുവര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങുന്നതും വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, പിങ്ക് പ്ലാവ്, തായ്ലാന്റ് റെഡ് എന്നീ പേരുകളിലറിയപ്പെടുന്ന പ്ലാവിന്റെ ബഡ്തൈ, ബംഗനപ്പിള്ളി മാവ്, സപ്പോട്ട മാവ് എന്നീ പേരുകളിലറിയപ്പെടുന്ന മാവിന്റെ ഗ്രാഫ്റ്റ് തൈ, ഒരു കിലോയോളം ഭാരം വരുന്ന കിലോ പേര എന്നറിയപ്പെടുന്ന പേരയുടെ ലെയര്‍ തൈ, വളരെ വലിപ്പമുള്ള കായ്കള്‍ ഉണ്ടാകുന്നതും അധികം വളരാതെ തന്നെ കായ്ക്കുന്നതും വ്യാവസായികമായി കൃഷി ചെയ്തു വരുന്നതുമായ എന്‍.എ-7 എന്നയിനം നെല്ലിയുടെ ഗ്രാഫ്റ്റ് തൈ എന്നിവയാണ് വിതരണം ചെയ്തത്. ആദ്യം രജിസ്റ്റര്‍ ചെയ്ത 500 പേര്‍ക്കാണ് 160 രൂപ നിരക്കില്‍ തൈകള്‍ നല്‍കിയത്.
Discussion about this post