ഇസ്ലാമാബാദ്: മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്തു. പതിനഞ്ചംഗ എന്‍എബി സംഘം പോലീസുമൊത്ത് സര്‍ദാരിയുടെ ഇസ്ലാമാബാദിലെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും രാജ്യത്തിനു പുറത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് സര്‍ദാരിക്ക് എതിരേയുള്ള ആരോപണം. സര്‍ദാരിയുടെ സഹോദരി ഫര്യാല്‍ തല്‍പ്പുരിനെതിരേയും വാറന്റുണ്ടായിരുന്നെങ്കിലും അവരെ അറസ്റ്റു ചെയ്തിട്ടില്ല. ജാമ്യം നീട്ടിക്കിട്ടാന്‍ ഇരുവരും സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അഴിമതി അന്വേഷണ ഏജന്‍സിയായ എന്‍എബിയിലെ അംഗങ്ങള്‍ പോലീസുമൊത്ത് സര്‍ദാരിയുടെ വസതിയിലെത്തിയത്. വനിതാ പോലീസും സംഘത്തിലുണ്ടായിരുന്നു. പിപിപി കോ-ചെയര്‍മാനായ സര്‍ദാരിയെ അറസ്റ്റു ചെയ്യുന്നതു തടയാന്‍ പ്രവര്‍ത്തകര്‍ ആദ്യം ശ്രമിച്ചു. എന്നാല്‍ സര്‍ദാരി പോലീസിനു കീഴടങ്ങാന്‍ തയാറാവുകയായിരുന്നു. റാവല്‍പ്പിണ്ടിയിലെ എന്‍എബി ഓഫീസിലേക്കാണു സര്‍ദാരിയെ കൊണ്ടുപോയത്. കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവായ സര്‍ദാരി 2008-2013 കാലഘട്ടത്തിലാണു പാക് പ്രസിഡന്റായി ഭരണം നടത്തിയത്. പ്രതിപക്ഷ നേതാക്കളെ അവഹേളിക്കാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന്റെ ഭാഗമാണ് തനിക്ക് എതിരേയുള്ള കേസെന്നും വ്യാജബാങ്ക് അക്കൗണ്ടുകളുമായി തനിക്ക് ബന്ധമില്ലെന്നും സര്‍ദാരി പറഞ്ഞു. സര്‍ദാരിയും സഹോദരിയും ചേര്‍ന്ന് ബിനാമി അക്കൗണ്ടുകളിലൂടെ 15 കോടി രൂപയെങ്കിലും മാറിയെടുക്കുകയും രാജ്യത്തിനു പുറത്തേക്കു കടത്തുകയും ചെയ്‌തെന്നാണ് എന്‍എബിയുടെ ആരോപണം.
Discussion about this post