കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ മ്യൂസിക്, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം കലൂര്‍ ഐ.എം.എ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ നടന്‍ ദിലീപ് ആണ് ഓഡിയോ-ട്രെയിലര്‍ പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങിനെത്തിയ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട്, ഈസ്റ്റ് കോസ്റ്റ് വിജയന്‍ രചനയില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ആലാപന സൗകുമാര്യത്തില്‍ പിറന്ന ‘ഞാനൊരു മലയാളി’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘ലൈവ് സാന്‍ഡ് ആര്‍ട്ട്’ വേറിട്ട അനുഭവമായിരുന്നു.
തുടര്‍ന്ന് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ഔദ്യോഗിക ഓഡിയോ-ട്രെയിലര്‍ ലോഞ്ചിംഗ് നടന്നു. നടന്‍ ദിലീപിനൊപ്പം സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍, ഗായകന്‍ പി.ജയചന്ദ്രന്‍, സംഗീത സംവിധയകന്‍ എം.ജയചന്ദ്രന്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ, ഹരീഷ് കണാരന്‍, നായികാ നയികന്മാരായ അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു, ക്യാമറാമന്‍ അനില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രപീപം തെളിച്ചതിനു ശേഷമാണ് ഓഡിയോ പ്രകാശനം നിവഹിച്ചത്.
ഈസ്റ്റ് കോസ്റ്റ് വിജയേട്ടന്റെ ചടങ്ങുകളിലെല്ലാം ഒരു പുതുമയുണ്ടാവാറുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച നടന്‍ ദിലീപ് പറഞ്ഞു. മൈബോസ് എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ഓരോ തവണയും നിര്‍മ്മാതാവായിരുന്ന വിജയന്‍ ഗംഭീരമാക്കിയിരുന്നുവെന്നും ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു’ടെ ഓഡിയോ ലോഞ്ച് പരിപാടിയുടെ തുടക്കവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ദിലീപ് പറഞ്ഞു. ചിത്രം വന്‍ വിജയമാകട്ടെയെന്നും ദിലീപ് ആശംസിച്ചു.
‘ലൈവ് സാന്‍ഡ് ആര്‍ട്ട്’ ഒരുക്കിയ കലാകാരനായ നൗഫലിനെ ദിലീപ് വേദിയില്‍ വിളിച്ച് അഭിനന്ദിച്ചു. പിന്നീട് ചടങ്ങില്‍ സംസാരിച്ച സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ‘ഓര്‍മക്കായ്’ എന്ന ആല്‍ബത്തിന്റെ ഓര്‍മകള്‍ വേദിയില്‍ പങ്കുവച്ചു. അതിനു കാരണക്കാരനായ ഈസ്റ്റ് കോസ്റ്റിന്റെ സാരഥിയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യുജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.
ഇപ്പോള്‍ ഇറങ്ങുന്ന മിക്ക പടത്തിലും താന്‍ പാടിയ പാട്ടുകളുടെ നാല് വരി ഉള്‍പ്പെടുത്തിയ ശേഷം ഇടയ്ക്ക് സംഭാഷണങ്ങളും മറ്റും ചേര്‍ക്കുന്ന പതിവുണ്ട്. എന്നാല്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്രങ്ങളില്‍ അത്തരം രീതിയില്ല, മനോഹരമായ ദൃശ്യാവിഷ്‌കാരത്തോടെ അദ്ദേഹം ഗാനങ്ങള്‍ പൂര്‍ണമായും സിനിമയില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും തുടര്‍ന്ന് സംസാരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന്‍ പറഞ്ഞു.
ചടങ്ങിനിടെ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ട്രെയിലറും അതിഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു.
എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മൂന്ന് ഗാനങ്ങളുടെ രചന സന്തോഷ് വര്‍മയും രണ്ട് ഗാനങ്ങളുടെ വരികള്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെതുമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.
പ്രമുഖ ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖതാരം അഖില്‍പ്രഭാകറാണ് നായകന്‍. ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ദിനേശ് പണിക്കര്‍, വിനയ് വിജയന്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, വിഷ്ണുപ്രിയ, സുബി സുരേഷ്, അഞ്ജലി തുടങ്ങി ഒരു മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നമത്തെ ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിലൂടെ മുന്നോട്ടു പോകുന്ന രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു.
രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, ചീഫ് അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍: അലക്‌സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: മനോജ്, സ്റ്റില്‍സ് : സുരേഷ് കണിയാപുരം, പരസ്യകല : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ്
പുതിയ തലമുറയേയും പഴയതലമുറയേയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ ജൂലൈ പകുതിയോടെ തിയേറ്ററുകളിലെത്തും.
Discussion about this post