ജാംനഗര്‍: 30 കൊല്ലത്തോളം പഴക്കംചെന്ന കസ്റ്റഡി മരണക്കേസില്‍, പുറത്താക്കപ്പെട്ട ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 1990-ല്‍ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു 302-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. 1990 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജംജോധ്പൂര്‍ പട്ടണത്തില്‍ നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നൂറിലേറെ പേരില്‍ ഒരാളായ പ്രഭുദാസ് മാധവ്ജി വൈഷ്ണാനി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്നാണ് കേസ്. അന്ന് ജാംനഗര്‍ ജില്ലാ അസി. പോലീസ് സൂപ്രണ്ടായിരുന്നു സഞ്ജീവ് ഭട്ട്. 1996-ലാണ് സഞ്ജീവ് ഭട്ടിനെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. സഞ്ജീവ് ഭട്ടിന് കഴിഞ്ഞമാസം സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ 11 സാക്ഷികളെക്കൂടി പുതുതായി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ അപേക്ഷ കഴിഞ്ഞയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. ജോലിയില്‍ നിന്ന് അനധികൃതമായി വിട്ടുനിന്നുവെന്ന കുറ്റത്തിന് 2015 ഓഗസ്റ്റില്‍ ഭട്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.













