ആലപ്പുഴ: റീബില്‍ഡ് കേരള വഴിയുള്ള പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പ്രളയത്തില്‍ വീടുകള്‍ക്ക് പൂര്‍ണനാശം സംഭവിച്ച അപേക്ഷകരില്‍ ജില്ലയില്‍ 691 വീടുകള്‍ പൂര്‍ത്തിയായി. 75 മുതല്‍ 100 ശതമാനം വരെ നാശനഷ്ടമുണ്ടായതാണ് പൂര്‍ണമായും നശിച്ചതായി കണക്കാക്കുന്നത്. പൂര്‍ണനാശനഷ്ടമുണ്ടായവരില്‍ സ്വന്തമായി വീടു നിര്‍മിച്ചുകൊള്ളാമെന്ന് സമ്മതിച്ച 1595 പേര്‍ക്ക് ആദ്യഗഡു നല്‍കിയിരുന്നു. കെയര്‍ ഹോം പദ്ധതിയില്‍ 51 വീടുകളും പ്രായോജകര്‍ വഴി 324 വീടുകളും പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ട്. 465 വീടുകളാണ് പ്രായോജകര്‍ വഴി നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.
ആദ്യഗഡു വാങ്ങിയതില്‍ 316 വീടുകള്‍ ഇതിനകം പൂര്‍ത്തിയായി. ആദ്യഗഡു വാങ്ങിയ 561 പേര്‍ മൂന്നാം ഗഡുവും കൈപ്പറ്റി. ഈ 561 വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. റീബില്‍ഡ് ആപ്പില്‍ വന്ന ഭൂരിഭാഗം പേര്‍ക്കും ആദ്യഗഡു ഇതിനകം നല്‍കിയിട്ടുണ്ട്. അപ്പീല്‍ കേസുകളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. വീടുകള്‍ക്ക് ഭാഗികമായി നഷ്ടം സംഭവിച്ചവരില്‍ 15 ശതമാനം വരെ നാശമുണ്ടായതായി റീബില്‍ഡ് ആപ്പില്‍ കണക്കാക്കിയ എല്ലാവര്‍ക്കും 10000 രൂപ നല്‍കി. 30472 പേര്‍ക്കാണ് ആപ്പില്‍ നിന്ന് ഈ വിഭാഗത്തിലായി പണം നല്‍കിയത്.
റീബില്‍ഡ് ആപ്പില്‍ 16 മുതല്‍ 29 ശതമാനം വരെ നഷ്ടം വന്നതായി രേഖപ്പെടുത്തിയ 18609 പേര്‍ക്കും പണമെത്തിക്കഴിഞ്ഞു. 30 മുതല്‍ 59 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തിയ 9252 പേരില്‍ ഭൂരിപക്ഷത്തിനും പണം നല്‍കിയിട്ടുണ്ട്. 60-74 ശതമാനം നഷ്ടമുണ്ടായവര്‍ക്കും പണം നല്‍കി. ഇനിയും അപ്പീല്‍ നല്‍കാന്‍ ഒരവസരം കൂടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അപ്പീലുകള്‍ ജൂണ്‍ 30 വരെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ നല്‍കാം.
പ്രളയത്തെത്തുടര്‍ന്ന് ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത 165848 കുടുംബങ്ങള്‍ക്ക് പ്രാഥമികാശ്വാസ സഹായധനമായി 10000 രൂപ വീതം നല്‍കിയിരുന്നു.
Discussion about this post