തിരുവനന്തപുരം: പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ രൂപവത്കരിക്കുന്ന പ്രക്രിയയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നയരൂപവത്കരണത്തെയും നയരൂപകര്‍ത്താക്കളെയും സംബന്ധിച്ച് സ്ഥിതിവിവരക്കണക്ക് ഡാറ്റബേസ് സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ രംഗത്തെ മാതൃകയായ, സ്ഥിരാസ്തിയായി മാറുന്ന ഒരു കമ്മിഷന്‍ രൂപവത്കരിക്കുകയാണ് നമ്മുടെ ലക്ഷ്യം. വരുംവര്‍ഷങ്ങളിലെ സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനായി സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്ക് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇത് സഹായകമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച സംസ്ഥാനതല ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ സ്ഥിതിവിവരക്കണക്ക് സംവിധാനത്തെ ചുറ്റിപ്പറ്റി സമീപകാലത്ത് ഉണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ശില്പശാല വലിയ പ്രാധാന്യമര്‍ഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ടതായിരുന്നു ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് സംവിധാനം. എന്നാല്‍ സമീപകാലത്ത് ദേശീയതലത്തില്‍ അതിന്റെ ഡാറ്റയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ജിഡിപി കണക്കാക്കുന്നതിലെ രീതിശാസ്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ഈയിടെ പുറത്തിറക്കിയ തൊഴില്‍ ഡാറ്റ സംബന്ധിച്ചും വിവാദങ്ങളുണ്ടായി. ഇത് ഡാറ്റയുടെ വിശ്വാസ്യതയെയും അതിലും പ്രധാനമായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെയും ബാധിക്കും. ചോദ്യം ചെയ്യപ്പെടുന്ന ഡാറ്റ അനിവാര്യമായും പിഴവുള്ള ആസൂത്രണത്തിനും ഫലപ്രദമല്ലാത്ത നയങ്ങള്‍ക്കും ഇടയാക്കും.
ഈ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭാവിയിലും സമൂഹത്തിന് മുഴുവന്‍ ഗുണകരമായ നയങ്ങള്‍ വിഭാവനം ചെയ്യുകയും നടപ്പാക്കുകയുമാണ് ലക്ഷ്യം. ദീര്‍ഘവീക്ഷണത്തോടും സന്നദ്ധതയോടുമുള്ള ഇത്തരം സമീപനം കൈക്കൊള്ളുമ്പോള്‍, സാമൂഹിക, സാമ്പത്തികനയങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്നത് ഉയര്‍ന്ന നിലവാരത്തിലുള്ള സ്ഥിതിവിവരക്കണക്കുകളാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തലത്തില്‍ സാമൂഹിക, സാമ്പത്തികനയങ്ങള്‍ രൂപവത്കരിക്കുന്നതിനും നമുക്ക് കാര്യക്ഷമമായ ഡാറ്റ ആവശ്യമുണ്ട്. കാര്യക്ഷമമായ ആസൂത്രണത്തിന് നമ്മുടെ നിലവിലുള്ള ഡാറ്റബേസ് പര്യാപ്തമാണോയെന്നും എന്തൊക്കെയാണ് നമ്മുടെ ആവശ്യകതകളെന്നും വിശകലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്‍, ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ പ്രൊഫസര്‍ ടി.ജെ. റാവു എന്നിവര്‍ സംസാരിച്ചു.
സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തികവികാസത്തിന് സുപ്രധാനമായ മുന്‍ഗണനാമേഖലകള്‍ നിര്‍ണയിക്കല്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ശേഷി വികസിപ്പിക്കുക, വിവിധ മേഖലകളില്‍ ദേശീയ, അന്തര്‍ദേശീയ നിലവാരത്തില്‍ മാതൃകാസങ്കല്പനങ്ങളും സംവര്‍ഗങ്ങളും രീതിശാസ്ത്രവും വികസിപ്പിക്കുക എന്നിവയാണ് ശില്പശാലയുടെ ലക്ഷ്യങ്ങള്‍. സംസ്ഥാന വരുമാനം, ലിംഗപദവി, തദ്ദേശഭരണസ്ഥാപനങ്ങളുടെ ശേഷീവികസനം എന്നീ സെഷനുകള്‍ക്കു പുറമെ, വ്യവസായം, കൃഷി, സാമൂഹികസേവനമേഖലകള്‍, ജനസംഖ്യ, തൊഴിലും കുടിയേറ്റവും, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നു, ഈ മേഖലയിലെ വിദ്ഗ്ധര്‍ വിവിധ സെഷനുകളിലായി സംസാരിക്കും.
Discussion about this post